കാസര്‍കോട്: മാന്യയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടം. 150 ഓളം മരങ്ങള്‍ കടപുഴകി വീണു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപകമായ കൃഷി നാശവുമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് മാന്യയിലെ പട്ടാജെ, മല്ലടുക്ക എന്നിവിടങ്ങളില്‍ മിന്നല്‍ ചുഴലി ഉണ്ടായത്. പ്രദേശത്ത് രാത്രി ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിന്നല്‍ ചുഴലി ഉണ്ടായത്. പല വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്.
തൃശ്ശൂരില്‍ ചാലക്കുടിപ്പുഴ തീരത്തും പുലര്‍ച്ചെ മൂന്നരയോടെ ചുഴലിക്കാറ്റുണ്ടായി. മൂഞ്ഞേലി, തോട്ടവീഥി, കീഴ്താണി മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ നാശം. ചുഴലിക്കറ്റില്‍ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകര്‍ന്നു. വീടുകളുടെ
റൂഫിംഗ് ഷീറ്റ് പറന്നുപോയി. മോനിപ്പിള്ളി ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള വന്‍ ആല്‍മരം കടപുഴകി. കൃഷി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തുകയാണ്.
സംസ്ഥനത്ത് അടുത്തിടെ മിന്നല്‍ ചുഴലി പതിവാവുകയാണ്. പ്രാദേശികമായി രൂപം പ്രാപിക്കുന്ന ഇത്തരം കാറ്റുകള്‍ പ്രവചിക്കാന്‍ കഴിയില്ല. മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളിലാണ് ഇത്തരം കാറ്റുകളുടെ വേഗം. മണ്‍സൂണിന് ഇടവേളകള്‍ വരുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടങ്ങളിലും മിന്നല്‍ ചുഴലി ഉണ്ടാകുന്നതിന് പ്രധാന കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Post a Comment