ആലക്കോട്ട് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം

 



ആലക്കോട്: ആലക്കോട് പൊലീസിനാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.

അരനൂറ്റാണ്ട് മുമ്ബ് വരെ ആലക്കോട് ടൗണിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന പൊലീസ് സ്റ്റേഷന് അരങ്ങത്ത് രണ്ടേക്കര്‍ ഭൂമി സൗജന്യമായി ആലക്കോട് പി.ആര്‍. രാമവര്‍മ്മരാജാ നല്‍കുകയായിരുന്നു. ഇവിടെ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടവും പൊലീസ് ക്വാര്‍ട്ടേഴ്സുകളും നിര്‍മ്മിച്ചു.

ഓരോ കെട്ടിടത്തിലും രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന വിധത്തിലുള്ള 6 ക്വാര്‍ട്ടേഴ്സുകളും എസ്.ഐക്ക് താമസിക്കുന്നതിനായി മറ്റൊരു ക്വാര്‍ട്ടേഴ്സുമാണ് നിര്‍മ്മിച്ചത്. ആലക്കോട് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കും എസ്.ഐമാര്‍ക്കും അക്കാലത്ത് ഈ ക്വാര്‍ട്ടേഴ്സുകള്‍ വളരെ അനുഗ്രഹമായിരുന്നു. ഇഷ്ടികയും മരവുമുപയോഗിച്ച്‌ നിര്‍മ്മിച്ച ഓടുമേഞ്ഞ ഈ ക്വാര്‍ട്ടേഴ്സുകള്‍ കാലപ്പഴക്കം മൂലം ചോര്‍ന്നൊലിക്കുകയും ചിതലരിച്ച്‌ കെട്ടിടങ്ങള്‍ നിലംപൊത്താന്‍ തുടങ്ങുകയും ചെയ്തതോടെ പൊലീസുകാര്‍ പ്രാണരക്ഷാര്‍ഥം മാറിത്താമസിക്കുകയായിരുന്നു. ഈ ക്വാര്‍ട്ടേഴ്സുകള്‍ കണ്ടംചെയ്ത് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നുള്ള റിപ്പോര്‍ട്ട് രണ്ട് പതിറ്റാണ്ട് മുമ്ബുതന്നെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെത്തിയതാണെങ്കിലും സാങ്കേതികത്വം പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണത്രെ ചെയ്യുന്നത്. പൊലീസ് ക്വാര്‍ട്ടേഴ്സിനൊപ്പം നിര്‍മ്മിച്ച പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനുപകരം പുതിയ കെട്ടിടം നിര്‍മ്മിക്കുകയും 15 വര്‍ഷം മുമ്ബുതന്നെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തതാണ്. ആലക്കോട് പൊലീസ് സ്റ്റേഷനെ സര്‍ക്കിള്‍ ഓഫീസായി ഉയര്‍ത്തുകയും ഈ ബഹുനില കെട്ടിടത്തിന്റെ മുകള്‍നില സര്‍ക്കിള്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരികയുമാണ്. പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍ നിലംപൊത്തിയതിനാല്‍ സ്ഥലംമാറിവരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വാടകകെട്ടിടം തേടി അലയേണ്ട ഗതികേടിലാണുള്ളത്. വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ നൈറ്റ് ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് തലചായ്ക്കാന്‍ പോലും നിര്‍വ്വാഹമില്ല. അതിനിടെയാണ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പുതിയ കെട്ടിടം നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post