ജൂണ്‍ 11 വരെ വ്യാപക മഴയ്ക്ക് സാധ്യത

 


തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 11 വരെ വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലര്‍ട്ടുള്ളത്. മെയ് 9, 10, 11 തീയതികളിലും ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അറബിക്കടലില്‍നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന്‍റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നത്.


കേരളതീരത്ത് ബുധനാഴ്ചയും കേരള -കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 11 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂണ്‍ മഴക്കനുകൂലമായി മെച്ചപ്പെടും. കൂടുതല്‍ ഇടങ്ങളിലേക്ക് കൂടുതല്‍ സമയങ്ങളിലും ശക്തിയിലും മഴ ലഭിച്ച്‌ മണ്‍സൂണ്‍ ഉണര്‍വ് കൈവരിക്കും.

ജൂണ്‍ രണ്ടാം വാരം മണ്‍സൂണ്‍ കേരളത്തില്‍ ഊര്‍ജിതമാകും. എങ്കിലും ജൂണ്‍ രണ്ടാം വാരത്തില്‍ മഴ ചില ദിവസങ്ങളില്‍ കുറയും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ സൂചന നല്‍കിയിരുന്നു.

രാത്രികാലങ്ങളില്‍ സംവഹന മേഘങ്ങളുടെ സാന്നിധ്യം മൂലമാണ് ഇപ്പോള്‍ കേരളത്തില്‍ പല ഭാഗങ്ങളിലും മഴ ലഭിക്കുന്നത്. കാലവര്‍ഷക്കാറ്റ് സജീവമാകുന്നതോടെ ഈയൊരു സാഹചര്യം മാറ്റം വരുകയും സാധാരണ രീതിയിലുള്ള കാലവര്‍ഷത്തിന് ഭാഗമായ മഴ ലഭിക്കുകയും ചെയ്യും.


.

Post a Comment

Previous Post Next Post