ഡല്‍ഹി: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ.
ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചു. സർക്കാർ മന്ദിരങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാകില്ലെന്നും വാർത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങളോടുള്ള മാർപാപ്പയുടെ വാത്സല്യം എന്നും വിലമതിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കഴിഞ്ഞ വർഷം ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മാർപാപ്പയെ കണ്ടിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തില്‍ താൻ അഗാധമായി ദുഃഖിക്കുന്നു. ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ കാരുണ്യത്തിന്‍റെയും വിനയത്തിന്‍റെയും ആത്മീയ ധൈര്യത്തിന്‍റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ എപ്പോഴും ഓർമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ ചെറുപ്പം മുതലേ ക്രിസ്തുവിന്‍റെ ആദർശങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി സ്വയം സമർപ്പിച്ചിരുന്നുവെന്ന് മോദി പറഞ്ഞു. അദ്ദേഹം ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും സേവിച്ചു. കഷ്ടപ്പെടുന്നവർക്കായി അദ്ദേഹം പ്രത്യാശയുടെ ഒരു ചൈതന്യം ജ്വലിപ്പിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.
Post a Comment