ആലപ്പുഴ: വഴിയില്‍ കളഞ്ഞു കിട്ടിയ എടിഎം കാർഡില്‍ നിന്ന് പണം എടുത്ത ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗവും സഹായിയും അറസ്റ്റില്‍.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാലില്‍ സുജന്യ ഗോപി (42), ഇവരുടെ സഹായി കല്ലിശേരി ലക്ഷ്മി നിവാസില്‍ സലിഷ് മോൻ (46) എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്‍റെ പരാതിയില്‍ ചെങ്ങന്നൂർ പൊലീസാണ് നടപടിയെടുത്തത്.
മാർച്ച് 14ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി മടങ്ങുന്നതിനിടെയാണ് വിനോദിന്‍റെ എടിഎം കാർഡ് ഉള്‍പ്പെടെയുള്ള പഴ്സ് നഷ്ടപ്പെട്ടത്. എടിഎം കാർഡിനൊപ്പം പിൻ നമ്ബറും എഴുതി സൂക്ഷിച്ചിരുന്നു. വഴിയില്‍ നിന്ന് പഴ്സ് ലഭിച്ച സലീഷ് അക്കാര്യം സുജന്യയെ അറിയിച്ചിരുന്നു. പിറ്റേന്ന് രാവിലെ ഇരുവരും ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ നിന്നായി 25,000 രൂപ പിൻവലിച്ചു. പിന്നീട് കാർഡ് കല്ലിശേരി റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഉപേക്ഷിച്ചു.
പണം പിൻവലിച്ചതായി അറിയിച്ചുള്ള സന്ദേശം മൊബൈലില്‍ ലഭിച്ചതിനു പിന്നാലെയാണ് വിനോദ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സലിഷും സുജന്യയുമാണ് പണം പിൻവലിച്ചതെന്ന് വ്യക്തമായി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഭർത്താവ് ഗോപിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലാണ് സുജന്യ തിരുവൻവണ്ടൂർ വാർഡിലെ അംഗമായി ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Post a Comment