1.6 കോടി മുടക്കിയെടുത്ത പടത്തിന് കിട്ടിയത് 10,000 രൂപ; മാലപ്പടക്കം പോലെ തിയേറ്ററില്‍ പൊട്ടി മലയാള സിനിമകള്‍


ഈ വർഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്കുകള്‍ പുറത്ത് വിട്ട് നിർമ്മാതാക്കളുടെ സംഘടന.ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്ഷനുമാണ് കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ടിരിക്കുന്നത്.

റിലീസ് ചെയ്ത 17 സിനിമകളില്‍ പതിനൊന്നും നഷ്ടമെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇതില്‍ തടവ് എന്ന ചിത്രത്തിന്റെ കണക്കുകള്‍ ലഭ്യമല്ലെന്നാണ് സംഘടന പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്.
16 സിനിമകള്‍ക്കായി ആകെ 75.23 കോടി രൂപയാണ് മുതല്‍മുടക്കിയത്. എന്നാല്‍, ഈ സിനിമകളെല്ലാം തിയേറ്ററുകളില്‍നിന്ന് നേടിയത് വെറും 23.55 കോടി രൂപ മാത്രമാണ്. ഫെബ്രുവരിയില്‍ റിലീസ് ചിത്രങ്ങളില്‍ നാലെണ്ണം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദർശനം തുടരുന്നുണ്ട്. ബ്രോമാൻസ്, ഓഫീസർ ഓണ്‍ ഡ്യൂട്ടി, ചാട്ടുളി, ഗെറ്റ് സെറ്റ് ബേബി എന്നിവയാണ് ഇപ്പോഴും തിയേറ്ററുകളില്‍ പ്രദർശനം തുടരുന്നതെന്നാണ് നിർമാതാക്കളുടെ സംഘടന പറയുന്നത്.ഇഴ, ലവ് ഡേല്‍, നാരായണീന്റെ മൂന്നുമക്കള്‍ എന്നിങ്ങനെ മൂന്നുസിനിമകളാണ് ഫെബ്രുവരി ആറാം തീയതി മലയാളത്തില്‍ റിലീസായത്. ഇഴ എന്ന സിനിമയ്ക്ക് ആകെ 63.83 ലക്ഷം രൂപയായിരുന്നു ബജറ്റ്. എന്നാല്‍ തിയേറ്ററില്‍നിന്ന് 45,000 രൂപ മാത്രമാണ് ലഭിച്ചത്. 1.6 കോടി രൂപ മുടക്കി നിർമിച്ച ലവ്ഡേലിന് പതിനായിരം രൂപ മാത്രമാണ് തിയേറ്ററില്‍നിന്ന് കിട്ടിയത്. നാരായണീന്റെ മൂന്നുമക്കള്‍ എന്ന സിനിമയ്ക്ക് 5.48 കോടി രൂപയായിരുന്നു ബജറ്റ്. ഈ ചിത്രത്തിന് തിയേറ്ററില്‍നിന്ന് 33.58 ലക്ഷം രൂപ കളക്ഷൻ കിട്ടി.ബ്രോമാൻസ്, ദാവീദ്, പൈങ്കിളി എന്നീ ചിത്രങ്ങളാണ് ഫെബ്രുവരി 14-ന് റിലീസായത്. എട്ടുകോടി രൂപ മുടക്കിയ ബ്രോമാൻസിന് ഇതുവരെ നാലുകോടി രൂപ കളക്ഷൻ നേടാനായി. ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഒമ്ബതുകോടി രൂപ മുടക്കി നിർമിച്ച ദാവീദ് മൂന്നരക്കോടിയാണ് തിയേറ്ററുകളില്‍നിന്ന് നേടിയത്. അഞ്ചുകോടി ബജറ്റില്‍ നിർമിച്ച പൈങ്കിളി രണ്ടരക്കോടിയും കളക്ഷൻ നേടി.

Post a Comment

Previous Post Next Post