തിരുവനന്തപുരം: ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാകണമെന്നാണ് സർക്കാറിന്റെ നിലപാടെന്നും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തില്‍ 11,309 ചതുരശ്ര കി.മീ വനമേഖലയാണ്. ജനസാന്ദ്രത 860 ആണ്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. ജനസാന്ദ്രത കണക്കിലെടുത്ത് വേണം വനനിയമം നടപ്പാക്കാൻ. വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനത്തെ സംരക്ഷിക്കുന്നതിനൊപ്പം പ്രകൃതിയും സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"വനനിയമം സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന പല പ്രചാരണങ്ങളും നിലവില്‍ നടക്കുന്നുണ്ട്. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ തുടരുകയാണ്. ഇന്നും ഒരു മരണമുണ്ടായി. ആളുകള്‍ക്കും വളർത്ത് മൃഗങ്ങള്‍ക്കും ജീവഹാനി ഉണ്ടാകുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. വന്യജീവികളെ നേരിടുന്നതിന് 1972ലെ വനനിയമമാണ് തടസമാകുന്നത്. പാർലമെന്റ് പാസാക്കിയ നിയമം സംസ്ഥാന സർക്കാറിന് മാത്രം ഭേദഗതി ചെയ്യാനാകില്ല. അക്രമകാരികളായ വന്യജീവികളെ നിലവില്‍ വെടിവെച്ചു കൊല്ലാൻ നിലവിലെ നിയമം പ്രകാരം സാധ്യമല്ല. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഇതിനു കഴിയൂ.
വന്യജീവികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലും കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശമുണ്ട്. വന്യജീവി പുറത്തിറങ്ങിയാല്‍ ആറംഗ സമിതി രൂപവത്കരിക്കുകയും, സമിതിയുടെ നിർദേശപ്രകാരം നടപടി സ്വീകരിക്കണമെന്നുമാണ് കേന്ദ്ര മാനദണ്ഡം. എന്നാല്‍ അതുവരെ പുറത്തിറങ്ങുന്ന വന്യജീവി നില്‍ക്കുമോ. വനംനിയമ ഭേദഗതി സംബന്ധിച്ച ഒട്ടേറെ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് 2013-ലാണ്. അന്ന് യുഡിഎഫ് സര്‍ക്കാരായിരുന്നു ഭരണത്തില്‍. മനഃപൂര്‍വ്വം കടന്നുകയറുക എന്ന ഉദ്ദേശത്തോടെ വനത്തില്‍ കയറുക, വനത്തിനുള്ളില്‍ വാഹനം നിറുത്തുക ഇതെല്ലാം കുറ്റമാക്കുക എന്നതാണ് ആ ഭേദഗതി. അതിന്റെ തുടര്‍നടപടികളാണ് പിന്നീടുണ്ടായത്.
ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുകയാണ്. കര്‍ഷകരുടെയും പ്രത്യേകിച്ച് മലയോര മേഖലയില്‍ ഉള്ളവരുടെയും ന്യായമായ താത്പര്യങ്ങള്‍ക്കെതിരെ ഒരുനിയമവും ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല. സര്‍ക്കാരിന്റെ നിലപാട് ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് എന്നാണ്. മനുഷ്യരുടെ നിലനില്‍പ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ സൂക്ഷ്മതലത്തിലും സമഗ്രതലത്തിലും കൈക്കൊള്ളണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വനസംരക്ഷ നിയമത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണ്" -മുഖ്യമന്ത്രി പറഞ്ഞു.
Post a Comment