'തല്‍ക്കാലം' ടിക്കറ്റ് എടുക്കാനാവില്ലെന്ന് IRCTC; സൈറ്റ് ഡൗണ്‍ ആണ്, പിന്നീട് ശ്രമിക്കൂ എന്ന് സന്ദേശം

 


ഓണ്‍ലൈൻ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്ന ഐ.ആർ.സി.ടി.സി.യുടെ ഇ-ടിക്കറ്റ് സംവിധാനം താത്കാലികമായി തടസപ്പെട്ടു.

തിങ്കളാഴ്ച രാവിലെ തത്കാല്‍ ടിക്കറ്റെടുക്കാൻ ശ്രമിച്ചവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. പ്രശ്നം പരിഹരിച്ച്‌ ഉച്ചയോടെ സൈറ്റിന്റെ പ്രവർത്തനം പുനഃരാരംഭിച്ചു.


സാങ്കേതിക കാരണങ്ങളാല്‍ നിശ്ചിത സമയത്തേക്ക് ഇ-ടിക്കറ്റ് എടുക്കാൻ സാധിക്കില്ല എന്നാണ് സൈറ്റില്‍ കയറി ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നവർക്ക് ലഭിച്ച സന്ദേശം. ഐ.ആർ.സി.ടി.സി.യുടെ ആപ്പ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പണികള്‍ നടക്കുന്നതിനാലാണ് സർവീസ് തടസപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.


രാവിലെ 10 മണിയോടെയാണ് സൈറ്റ് ഡൗണായത്. ഉച്ചയ്ക്ക് ഒരുമണിയോടെ സേവനങ്ങള്‍ വീണ്ടും ലഭിച്ചുതുടങ്ങി. പുതിയ ആപ്പ് വരുന്നതോടെ ടിക്കറ്റ് എടുക്കുക, പ്ലാറ്റ്ഫോം ടിക്കറ്റെടുക്കുക, ട്രെയിൻ ലൈവായി ട്രാക്ക് ചെയ്യുക എന്നീ കാര്യങ്ങളെല്ലാം ഒരുകുടക്കീഴിലാവും. ഡിസംബറോടെ ആപ്പ് നവീകരണം പൂർത്തിയാക്കണമെന്നാണ് നിർദേശം.

Post a Comment

Previous Post Next Post