ബിഎസ്‌എൻഎല്ലിനെപ്പറ്റി ആളുകള്‍ മുൻപ് പ്രധാനമായും പരാതിപ്പെട്ടുകൊണ്ടിരുന്നത് ഡാറ്റ വേഗത പോര എന്നായിരുന്നു. ഇതോടൊപ്പം തന്നെ കോള്‍ വിളിച്ചാല്‍ പോലും മര്യാദയ്ക്ക് ഒന്നും കേള്‍ക്കാൻ കഴിയുന്നില്ല എന്ന പരാതിയും ചിലർ ഉയർത്തിയിരുന്നു.
എന്നാലിപ്പോള്‍ ആ അവസ്ഥയൊക്കെ ഏതാണ്ട് മാറിയിട്ടുണ്ട്. കാരണം, ബിഎസ്‌എൻഎല്‍ 4ജി വ്യാപനത്തില്‍ കാര്യമായി പുരോഗതി കൈവരിച്ചിരിക്കുന്നു. ലക്ഷ്യമിട്ട ഒരുലക്ഷം 4ജി സൈറ്റുകളില്‍ 50000 എണ്ണത്തില്‍ ഇതിനകം 4ജി ഇൻസ്റ്റാള്‍ ചെയ്യാൻ ബിഎസ്‌എൻഎല്ലിന് കഴിഞ്ഞതായും ഇതില്‍ 42000 ടവറുകള്‍ 4ജി സേവനങ്ങള്‍ നല്‍കിത്തുടങ്ങിയെന്നും കഴിഞ്ഞ മാസം അവസാനം പുറത്തുവന്ന റിപ്പോർട്ടുകള്‍ വെളിപ്പെടുത്തിയിരുന്നു.
4ജി വ്യാപനം പുരോഗമിച്ചതോടെ ബിഎസ്‌എൻഎല്‍ (BSNL) സേവനങ്ങളുടെ നിലവാരവും ഉയർന്നിട്ടുണ്ട്, പ്രത്യേകിച്ച് കോളുകളുടെയും ഡാറ്റയുടേയും. ബിഎസ്‌എൻഎല്ലിന്റെ 2G/3G നെറ്റ്‌വർക്കിനെ അപേക്ഷിച്ച് മികച്ച വേഗതയും കുറഞ്ഞ ലേറ്റെൻസിയും ഉള്ള വയർലെസ് ഇൻ്റർനെറ്റ് ആക്‌സസും വോയ്‌സ്-ഓവർ എല്‍ടിഇ (VoLTE) കോളിംഗ് പിന്തുണയും 4ജി വാഗ്ദാനം ചെയ്യുന്നു.
അതിനാല്‍ 4ജി ലഭ്യമായ പ്രദേശങ്ങളിലെ ബിഎസ്‌എൻഎല്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച നിലവാരത്തില്‍ കോളിങ്ങും ഡാറ്റ സേവനങ്ങളും ആസ്വദിക്കാൻ സാധിക്കും. 2G അല്ലെങ്കില്‍ 3G നെറ്റ്‌വർക്കാണ് എങ്കില്‍, ഒരു കോള്‍ വരുന്ന സമയത്ത്, ഡാറ്റ ലഭ്യമാകുന്നത് നിലയ്ക്കും. അതേസമയം 4ജി നെറ്റ്വർക്ക് ആണ് എങ്കില്‍ കോളിനിടയിലും ഡാറ്റ ലഭ്യമാകും.
പതിവായി വോയ്‌സ് കോളുകള്‍ ചെയ്യുന്ന ബിഎസ്‌എൻഎല്‍ ഉപയോക്താക്കള്‍ തങ്ങളുടെ പ്രദേശത്ത് നല്ല 4G കവറേജ് ഉണ്ടെങ്കില്‍ VoLTE എനേബിള്‍ ചെയ്യുന്നത് കോള്‍ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. ചില ഉപയോക്താക്കള്‍ക്ക് VoLTE എനേബിള്‍ ആയിരിക്കും. എന്നാല്‍, ചില കേസുകളില്‍ ഇത് നമ്മള്‍ തന്നെ എനേബിള്‍ ചെയ്യേണ്ടതുണ്ട്.
നമ്മുടെ പ്രദേശത്ത് ബിഎസ്‌എൻഎല്‍ 4ജി ലഭ്യമാണെങ്കിലും VoLTE ഡിസേബിള്‍ ആണ് എങ്കില്‍ ഓട്ടോമാറ്റിക്കായി ലഭ്യമാകുക 3G അല്ലെങ്കില്‍ 2G ആയിരിക്കും. നമ്മുടെ ബിഎസ്‌എൻഎല്‍ സിമ്മില്‍ VoLTE എനേബിള്‍ ചെയ്യണമെങ്കല്‍ 53733 എന്ന നമ്ബറിലേക്ക് "ACTVOLTE" എന്ന് അയയ്‌ക്കേണ്ടതുണ്ട്. വിജയകരമായി ഈ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫോണില്‍ VoLTE പ്രവർത്തനക്ഷമമാകും.
നമ്മുടെ ഫോണില്‍ VoLTE പ്രവർത്തനക്ഷമമാണോയെന്ന് എങ്ങനെ പരിശോധിക്കാം: ഉപയോക്താക്കളുടെ ബിഎസ്‌എൻഎല്‍ ഫോണ്‍ നമ്ബറില്‍ VoLTE ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ആൻഡ്രോയിഡ് ഫോണ്‍ ആണെങ്കില്‍ അതിന്റെ മുകളില്‍ വലത് കോണിലുള്ള VoLTE ഐക്കണ്‍ കാണാം. ഐഫോണാണെങ്കില്‍, സെറ്റിങ്സില്‍ ക്വിക്ക് സെറ്റിംഗ്സ് പാനലിൻ്റെ മുകളില്‍ ഇടത് കോണില്‍ ഇത് സ്ഥിരീകരിക്കാനാകും.
VoLTE ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വോയ്‌സ് കോളുകളുടെ സമയത്ത് ക്രോസ്- നെറ്റ്‌വർക്ക് ഓഡിയോ നിലവാരം പോലും വളരെ മെച്ചപ്പെടും, കൂടാതെ ചില സ്മാർട്ട്‌ഫോണുകളിലെ ഉപയോക്താക്കളെ നേറ്റീവ് വീഡിയോ കോളുകള്‍ ചെയ്യാനും VoLTE അനുവദിക്കുന്നു. അതിനാല്‍ നിങ്ങളുടെ പ്രദേശത്ത് 4ജി ലഭ്യമായിട്ടും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല എങ്കില്‍ ഈ പറഞ്ഞ നമ്ബറില്‍ മെസേജ് അയച്ച് VoLTE ആക്ടിവേറ്റ് ചെയ്യുന്നത് നന്നായിരിക്കും.
2025ന്റെ തുടക്കത്തില്‍ തന്നെ 4ജി വ്യാപനം പൂർത്തിയാക്കിയ ശേഷം ജൂണ്‍- ജൂലൈ ആകുമ്ബോഴേക്ക് 5ജി സേവനങ്ങള്‍ ആരംഭിക്കാൻ കഴിയുമെന്നാണ് ബിഎസ്‌എൻഎല്‍ പ്രതീക്ഷിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി, 5ജി ടെക്നോളജികള്‍ ആണ് ബിഎസ്‌എൻഎല്‍ ഉപയോഗിക്കുന്നത്. 4ജി വ്യാപനം പൂർത്തിയായാലുടൻ അതിവേഗം 5ജിയിലേക്ക് മാറാൻ കഴിയുന്ന വിധത്തിലാണ് നിലവില്‍ ബിഎസ്‌എൻഎല്‍ 4ജി വ്യാപനം പുരോഗമിക്കുന്നത്.
Post a Comment