നടുവിൽ :കോടമഞ്ഞ് പെയ്തിറങ്ങിയ സായാഹ്നം.പാലക്കയം തട്ടിൻ്റെ നെറുകയിലേക്ക് ഒരേ സമയം നാല് ആനവണ്ടികൾ കുന്ന് കയറിയെത്തി.ഓരോ വണ്ടിയിലും നിറയെ ആളുകൾ.പാട്ടുപാടിയും കൈകൾ കൊട്ടിയും അവരോരോരുത്തരും ആഹ്ലാദിച്ചു.യാത്ര അവസാനിക്കല്ലേ എന്ന മുഖഭാവമായിരുന്നു എല്ലാവർക്കും. കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസ യാത്ര പൊടിപൊടിക്കുകയാണ്.ആദ്യമായി ഞായറാഴ്ച നാല് ബസ്സുകളാണ് വിവിധ ഡിപ്പോകളിൽ നിന്ന് മലയോര ഉല്ലാസയാത്രക്കെത്തിയത്.കോഴിക്കോട്,പയ്യന്നൂർ ഡിപ്പോകളിൽ നിന്ന് ഒന്നു വീതവും കണ്ണൂർ ഡിപ്പോയിൽ നിന്ന് രണ്ട് ബസ്സുകളുമാണ് സഞ്ചാരികളുമായി യാത്ര പുറപ്പെട്ടത്.ആകെ 145പേർ പങ്കെടുത്തു.കേരള ഗവ.ഫാർമസിസ്റ്റ് അസോസിയേഷൻ പ്രവർത്തകരാണ് ഒരു ബസിൽ യാത്രികരായുണ്ടായത്.
യാത്രാ സംഘം ആദ്യമെത്തിയത് പൈതൽമലയിലാണ്.ഉച്ച ഭക്ഷണ ശേഷം ഏഴരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശിച്ചു.നിരനിരയായ മലകൾക്കൊടുവിൽ ചുവന്നു തുടുത്ത ആകാശവും അസ്തമനവുമാണ് പാലക്കയം നൽകിയ കാഴ്ച.ഏഴുമണിക്ക് സംഘങ്ങൾ കയറിയ ബസ്സുകൾ ഓരോന്നായി പതിയെ കുന്നിറങ്ങി.കോഴിക്കോട് സോണൽ ഓഫീസർ വി.മനോജ്കുമാറാണ് യാത്രക്കു വേണ്ടിയുള്ള നിർദേശങ്ങൾ നൽകിയത്. ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർ കെ.ആർ.തൻസീർ,ഗൈഡുമാരായ ടി.സി.ബിജു,ലിജിൻ,പി.സി.രൂപേഷ്,രാജേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി.
Post a Comment