സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസര്‍കോട് പനി ബാധിച്ച്‌ യുവതി മരിച്ചു



തിരുവനന്തപുരം/ കാസര്‍കോട് : ചെമ്മനാട് പനി ബാധിച്ച്‌ യുവതി മരിച്ചു. 28കാരിയായ അശ്വതിയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 


ഇന്ന് രാവിലെയാണ് അശ്വതിയുടെ മരണം സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച മുതല്‍ അശ്വതിക്ക് പനിയുണ്ടായിരുന്നു. അന്നുതന്നെ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച പനി മൂര്‍ച്ഛിച്ചതോടെ വിദഗ്‌ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ടിടിസി വിദ്യാര്‍ഥിനിയാണ് അശ്വതി.


കാസര്‍കോട് 619 പേരാണ് ഇതുവരെ പനി ബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.


'പനിക്കണക്ക് മറച്ചുവച്ച്‌ ആരോഗ്യവകുപ്പ്' : ബക്രീദിനോടനുബന്ധിച്ചുള്ള തുടര്‍ച്ചയായ അവധി ദിനങ്ങളുടെ പേരില്‍ സംസ്ഥാനത്തെ പനി കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവക്കുകയാണെന്നാണ് ആക്ഷേപം. ജൂണ്‍ 27, 28 തിയതികളില്‍ അവധിയായതിനാലാണ് ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പനി കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 30ന് ഈ രണ്ട് ദിവസങ്ങളിലെയും വിശദമായ കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 


ജൂണ്‍ 27നാണ് ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റില്‍ അവസാനമായി പനി ബാധിച്ച്‌ ചികിത്സ തേടിയവരുടെ കണക്ക് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണം 15,000 കടക്കുകയും ഡെങ്കിപ്പനി ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം അനുദിനം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പനി കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് തന്നെ നിര്‍ദേശം നല്‍കിയതായി ചില ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ അറിയിച്ചിരുന്നു. 


ആരോഗ്യ വകുപ്പ് അവസാനമായി പുറത്തുവിട്ട കണക്കനുസരിച്ച്‌ 27ന് 12,776 പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്. ഇതില്‍ 254 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 138 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 13 പേര്‍ക്ക് എലിപ്പനിയും എച്ച്‌1എൻ1 നാല് പേര്‍ക്കുമാണ് സ്ഥിരീകരിച്ചത്. 


തിരുവനന്തപുരം ജില്ലയില്‍ 1,049, കൊല്ലം 853, പത്തനംതിട്ട 373, ഇടുക്കി 517, കോട്ടയം 530, ആലപ്പുഴ 740, എറണാകുളം 1,152, തൃശൂര്‍ 445, പാലക്കാട് 907, മലപ്പുറം 2,201, കോഴിക്കോട് 1,353, വയനാട് 616, കണ്ണൂര്‍ 1,187, കാസര്‍കോട് 853 എന്നിങ്ങനെയാണ് 27ന് പനി ബാധിച്ച്‌ ചികിത്സ തേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. അതേസമയം, ഇന്നലെ മാത്രം നാല് വയസുകാരി ഉള്‍പ്പെടെ അഞ്ച് പേരാണ് പനി ബാധിച്ച്‌ മരിച്ചത്. മരിച്ച നാല് വയസുകാരി രുദ്ര എടയൂര്‍കുന്ന് ഗവ. എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ്.


മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ആയിരത്തിന് മുകളിലാണ് പനി ബാധിച്ച്‌ ചികിത്സ തേടിയവരുടെ എണ്ണം. 


പകര്‍ച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കോള്‍ സെന്‍ററുകള്‍ ആരംഭിച്ചിരുന്നു. ദിശ കോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളിലെയും ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനം സജ്ജമാക്കിയത്. ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്‌ടര്‍മാര്‍, ഇ സഞ്ജീവനി ഡോക്‌ടര്‍മാര്‍ എന്നിവരും ജില്ല സര്‍വയലന്‍സ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്‌ടര്‍മാരുടെയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്.


ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌1 എന്‍1, സിക, ശ്വാസകോശ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച്‌ എന്ത് സംശയത്തിനും കോള്‍ സെന്‍ററില്‍ സഹായം തേടാം. മുന്‍കരുതലുകള്‍, മരുന്നിനെപ്പറ്റിയുള്ള സംശയം, പരിശോധന ഫലത്തെ കുറിച്ചുള്ള സംശയം, മാനസിക പിന്തുണ, രോഗ വ്യാപനം തടയല്‍ തുടങ്ങി ഏത് സംശയത്തിനും ഇവിടെ നിന്ന് വിവരം ലഭിക്കും. ആവശ്യമായവര്‍ക്ക് ഇ സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്‍റെ വിവരങ്ങളും ലഭ്യമാക്കുകയും ചെയ്യും. 


ദിശ സേവനങ്ങള്‍ക്കായി വിളിക്കൂ : 104, 1056, 0471 2552056, 2551056 എന്നീ നമ്ബരുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.

Post a Comment

Previous Post Next Post