റേഷന്‍ വിതരണം ഭാഗികമായി സ്തംഭിച്ചു;കേരള സര്‍ക്കാര്‍ ചിഹ്നം ഒഴിവാക്കി റേഷൻകടകളിലെ ബില്ലില്‍ കേന്ദ്ര അടയാളം

 



തിരുവനന്തപുരം: സോഫ്റ്റ്വെയര്‍, ബില്ലിങ് അപ്ഡേഷനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച റേഷൻ വിതരണം ഭാഗികമായി സ്തംഭിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സിഡിയടക്കമുള്ള തുകയുടെയും വിവരങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള തടസ്സമാണ് ഈ മാസം ആദ്യദിനം തന്നെ കാര്‍ഡുടമകളെ വലച്ചത്.

ഇത്തരത്തിലുള്ള അപ്ഡേഷൻ പലപ്പോഴായി നടത്താറുണ്ടെങ്കിലും വിതരണത്തെ ബാധിക്കുന്നത് ആദ്യമാണെന്ന് റേഷൻവ്യാപാരികള്‍ ആരോപിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ രണ്ടുദിവസം കൂടി തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപ്ഡേഷൻ നടത്തുമ്ബോള്‍ റേഷൻകടകള്‍ക്ക് അവധി നല്‍കി വിതരണത്തില്‍ ക്രമീകരണം നടത്തണമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

 റേഷൻകടകളില്‍നിന്നുള്ള ബില്ലില്‍ കേരള സര്‍ക്കാര്‍ മുദ്ര പുറത്ത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ ലോഗോയാണ് ഇ-പോസ് മെഷീനില്‍നിന്നുള്ള പുതിയ ബില്ലില്‍ പ്രിന്‍റ് ചെയ്ത് വരുന്നത്. ജൂണ്‍ ഒന്നിന് രാവിലെ ഇ-പോസ് മെഷീൻ തുറന്നപ്പോള്‍ സോഫ്റ്റ്വെയര്‍ അപ്ഡേഷനുള്ള നിര്‍ദേശം റേഷൻ കട ഉടമകള്‍ക്ക് ലഭിച്ചിരുന്നു. നിര്‍ദേശം പാലിച്ച്‌ അപ്ഡേഷന് ശ്രമിച്ചെങ്കിലും ഭൂരിഭാഗം കടകളിലും നടന്നില്ല. സോഫ്റ്റ്വെയര്‍ അപ്ഡേഷൻ നടന്നവര്‍ക്ക് ലഭിച്ച ബില്ലിലാണ് കേരള സര്‍ക്കാര്‍ മുദ്രക്ക് പകരം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്‍റെ ലോഗോയുമുണ്ട്. റേഷൻ വിതരണത്തിലെ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും സാന്നിധ്യവും ഉപഭോക്താക്കളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബില്ലിലെ മുദ്രമാറ്റമത്രെ.


Post a Comment

Previous Post Next Post