പെരിങ്ങോം: സിപിഎം പെരിങ്ങോം ഏരിയാ കമ്മിറ്റിക്കു കീഴില്‍ നടന്ന ക്രിപ്റ്റോ കറന്‍സി ഇടപാടിനെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യവുമായി ഇഡിക്കു ബിജെപിയുടെ പരാതി. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ബിജെപി പെരിങ്ങോം മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗംഗാധരന് കാളീശ്വരമാണു പരാതി നല്‍കിയത്.
ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ പത്തു കോടി രൂപയുമായി ബന്ധപ്പെട്ട് സിപിഎമ്മുകാരും ഘടകകക്ഷി നേതാവിന്റെ മകനും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ഇതിനിടെ നേതാവിന്റെ മകനുണ്ടായ വാഹനാപകടം ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് ആരോപണമുള്ളതിനാല്‍ ഇക്കാര്യവും അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
പ്രതികളില്‍ മൂന്നു പേര് ജോലി ചെയ്യുന്ന സഹകരണ ബാങ്കുകളെ കള്ളപ്പണ ഇടപാടില്‍ ഉപയോഗിക്കുകയും ഇതുവഴി കോടികളുടെ കള്ളപ്പണം നിക്ഷേപിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ, സ്വര്‍ണക്കടത്ത് കേസിലും "സ്വര്‍ണം പൊട്ടിക്കല്‍' കേസിലും പ്രതിയും കാപ്പ ചുമത്തപ്പെട്ടവനുമായ അര്ജുന് ആയങ്കി ഒളിവില്‍ കഴിയവേ പിടിയിലായത് ഈ മേഖലയില്നിന്നായതിനാല് ഇയാളെ സംരക്ഷിച്ച പാര്‍ട്ടി നേതാക്കളുടെ ബന്ധവും അന്വേഷണ വിധേയമാക്കണം.
സിപിഎം പെരിങ്ങോം ഏരിയയില്‍ നേതാക്കളുടെയും പാര്‍ട്ടിയുടെയും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെയും ഭൂമി ഇടപാടുകളുടെയും സാമ്പത്തിക ഉറവിടവും പരിശോധിക്കണം. പെരിങ്ങോം, പാടിയോട്ടുചാല്‍, ചെറുപുഴ തുടങ്ങിയ മേഖലകളില്‍ സിപിഎം പെരിങ്ങോം ഏരിയാ കമ്മിറ്റിക്കു കീഴില്‍ ക്രിപ്റ്റോ കറന്‍സിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലെ സിപിഎം നടപടി ഇഡിക്കു നൽകിയ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Post a Comment