ഭൂവനേശ്വർ: ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50 ഓളം പേർ മരിച്ചു. 300 പേർക്ക് പരിക്കേറ്റതായും റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു ചരക്ക് തീവണ്ടിയടക്കം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.
ഷാലിമാറിൽ നിന്ന് (കൊൽക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടൽ എക്സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഇതേസ്ഥലത്തുതന്നെ മറ്റൊരുതീവണ്ടിയും അപകടത്തിൽപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. കൂട്ടിയിടിച്ചും പാളംതെറ്റിയും മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടം നടന്നതെന്നാണ് വിവരം. കോറോമാണ്ടൽ എക്സ്പ്രസിന്റെ നിരവധി ബോഗികൾ പാളം തെറ്റി. അപകടസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുരുതരമായ പരിക്കേറ്റ നിരവധി യാത്രക്കാരുടെ ദൃശ്യങ്ങളടക്കമാണ് പ്രചരിക്കുന്നത്. തകർന്ന നിലയിലുള്ള തീവണ്ടിയുടെ കോച്ചുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Post a Comment