ആലക്കോട്: മലയോരത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ കരുവൻചാൽ മീൻപറ്റിയിലെ മലയോരം വെളിച്ചെണ്ണ കെ.എം ഓയിൽ ഇൻഡസ്ട്രീസിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇന്റർനെറ്റ് തട്ടിപ്പിലൂടെ 25 ലക്ഷം തട്ടിയെടുത്തു. പശ്ചിമ ബംഗാൾ സംഘമാണ് വൻ തട്ടിപ്പ് നടത്തിയതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. കെ.എം ഓയിൽ ഇൻഡസ്ട്രീസിന്റെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിലുള്ള ബിസിനസ് അക്കൗണ്ടിൽ നിന്നാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.25നും 6.32നും ഇടയിലുള്ള സമയത്ത് മൂന്ന് തവണയായാണ് അക്കൗണ്ടിൽ നിന്ന് പണം തട്ടിപ്പ് സംഘം കെെക്കലാക്കിയത്. മൂന്ന് തവണ പണം കൈക്കലാക്കി പിൻവലിക്കപ്പെട്ടുവെങ്കിലും ഇതു സംബന്ധിച്ച് ഒരു തവണ മാത്രമാണ് മലയോരം വെളിച്ചെണ്ണ എം.ഡി ജോസ് കാഞ്ഞമലയുടെ ഫോണിലേക്ക് മെസേജ് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ അദേഹം എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് വൻ തുക തട്ടിയെടുക്കപ്പെട്ടത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. ഐ.സി.ഐ.സി.ഐ ബംഗാൾ വർദ്ധമാൻ ബ്രാഞ്ചിലുള്ള അനുരാഗ് മുഖർജി എന്നയാളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം, ബാങ്ക് ഓഫ് ബറോഡയുടെ ബംഗാൾ ജഗന്നാഥ് പൂർ ബ്രാഞ്ചിലുള്ള സുഭാഷ് ബസു ബാങ്കിന്റെ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം, ഇയാളുടെ തന്നെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ബംഗാൾ നബാപ്പള്ളി ബ്രാഞ്ചിലേക്ക് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് കെ.എം ഓയിൽ ഇൻഡ്രസീസിന്റെ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കപ്പെട്ടത്. ഇന്റർനെറ്റ് ബാങ്കിംഗ് ഇടപാടുകളും എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള ഹാക്ക് ചെയ്താണ് തട്ടിപ്പ് സംഘം വൻ തുക തങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചത്. തട്ടിയെടുത്ത 25 ലക്ഷവും തട്ടിപ്പ് സംഘം നിമിഷങ്ങൾക്കുള്ളിൽ മറ്റ് വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും സൈബർ സെൽ മുഖാതരം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അക്കൗണ്ടുകളിൽ പേരുകളുള്ള അനുരാഗ് മുഖർജി, സുഭാഷ് ബസു എന്നിവർക്ക് പുറമെ മറ്റ് നിരവധി പേർക്കും തട്ടിപ്പിൽ പങ്കുള്ളതായാണ് കരുതപ്പെടുന്നത്. സംഭവം സംബന്ധിച്ച് ജോസ് കാഞ്ഞമലയുടെ പരാതിയിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഉന്നത അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.മലയോര മേഖലയിൽ ആദ്യമായാണ് ഇന്റർനെറ്റ് ബാങ്കിംഗ് ഇടപാടിലൂടെ ഇത്രയും വലിയൊരു തുക തട്ടിയെടുക്കപ്പെടുന്നത്.
Post a Comment