കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടണ്‍; ദക്ഷിണേന്ത്യയില്‍ രണ്ടാമത്തേത്; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി M4 Tech; പ്ലേ ബട്ടണുകളെക്കുറിച്ചറിയാം

 


സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച്‌ സമൂഹമാദ്ധ്യമ ഭീമനായ യൂട്യൂബ് തങ്ങളുടെ യൂട്യൂബേഴ്സിന് നല്‍കുന്ന സമ്മാനമാണ് പ്ലേ ബട്ടണുകള്‍.


നമ്മുടെ നാട്ടില്‍ നിരവധിയാളുകള്‍ക്ക് സില്‍വര്‍, ഗോള്‍ഡ് പ്ലേ ബട്ടണുകള്‍ ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതാദ്യമായി ഡയമണ്ട് പ്ലേ ബട്ടണ്‍ നല്‍കി ഒരു മലയാളി യൂട്യൂബറെ ആദരിച്ചിരിക്കുകയാണ് യൂട്യൂബ്. M4 Tech എന്ന യൂട്യൂബ് ചാനലാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടണ്‍ ജേതാവായി മാറിയിരിക്കുകയാണ് ചാനലുടമയായ ജിജോ ജോസഫ്.


ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആകുമ്ബോള്‍ സില്‍വര്‍ പ്ലേ ബട്ടണും പത്ത് ലക്ഷം (ഒരു ദശലക്ഷം അഥവാ വണ്‍ മില്യണ്‍) സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിക്കുമ്ബോള്‍ ഗോള്‍ഡ് പ്ലേ ബട്ടണും ലഭിക്കുന്നു. കേരളത്തില്‍ നൂറുകണക്കിന് പേര്‍ക്ക് ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ പത്ത് ദശലക്ഷം അഥവാ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സാകുമ്ബോള്‍ മാത്രം കിട്ടുന്ന അപൂര്‍വ്വ അംഗീകാരമാണ് ഡയമണ്ട് പ്ലേ ബട്ടണ്‍. കേവലം ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സിനെ കിട്ടിയത് കൊണ്ട് മാത്രം ഈ ബട്ടണ്‍ സ്വന്തമാക്കാന്‍ സാധിക്കുകയുമില്ല. കടമ്ബകള്‍ ഏറെയുണ്ടെന്ന് സാരം.


ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സ് ആയതിന് ശേഷം ചാനലിലെ കണ്ടന്റിന്റെ നിലവാരവും മറ്റും വിലയിരുത്തി യൂട്യൂബ് സ്വയം ശുപാര്‍ശ ചെയ്തതിന് ശേഷമേ ഡയമണ്ടിലേക്ക് എത്താന്‍ സാധിക്കൂ. ഇതിനായി ഇന്ത്യയില്‍ നിന്നുള്ള യൂട്യൂബിന്റെ പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കേണ്ടതായി വരും. ഏറെ സങ്കീര്‍ണമായ ഈ പ്രക്രിയ മറികടന്നാണ് M4 Tech എന്ന ചാനല്‍ ഡയമണ്ട് പ്ലേ ബട്ടണ്‍ എന്ന സ്വപ്നം നേടിയെടുത്തത്.


സൗത്ത് ഇന്ത്യയില്‍ തന്നെ രണ്ടാമത്തെ ഡയമണ്ട് പ്ലേ ബട്ടണാണിത്. ആദ്യത്തേത് തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വില്ലേജ് കുക്കിങ് എന്ന ചാനലായിരുന്നു നേടിയത്. 2021 ജൂലൈയിലായിരുന്നു ഈ അപൂര്‍വ്വ നേട്ടം. അതിന് ശേഷം ദക്ഷിണേന്ത്യയ്‌ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഡമയണ്ട് പ്ലേ ബട്ടണ്‍ അംഗീകാരം ജിജോ ജോസഫ് സ്വന്തമാക്കി. ഇന്ത്യയില്‍ ഡയമണ്ട് പ്ലേ ബട്ടണ്‍ സ്വന്തമാക്കിയ മറ്റൊരു ചാനല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലെയുടേതായിരുന്നു. അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷമായിരുന്നു ഈ അംഗീകാരം തേടിയെത്തിയത് എന്നതിനാല്‍ സിദ്ധുവിന്റെ മാതാപിതാക്കള്‍ ഇത് ഏറ്റുവാങ്ങുകയും ചെയ്തു.


നിലവില്‍ കേരളത്തിലെ യൂട്യൂബേഴ്സിനിടയില്‍ ഏറ്റവുമധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലായ M4 Tech തങ്ങളുടെ പ്രയാണം ആരംഭിച്ചത് 2017ലായിരുന്നു. ടെക്‌നിക്കല്‍ വിഷയങ്ങളായിരുന്നു ചാനലില്‍ പ്രധാനമായും അവതരിപ്പിച്ചിരുന്നത്. ജിജോ ജോസഫിന്റെയും സംഘത്തിന്റെയും കഠിനാധ്വാനം കൊണ്ട് പൊടുന്നനെ ഉയര്‍ച്ചയിലെത്തിയ ചാനല്‍ പ്രതിമാസം ഒരുലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സിനെ വീതം നേടാന്‍ തുടങ്ങി. ചാനല്‍ തുടങ്ങി ഒരു വര്‍ഷത്തിനകം തന്നെ ആദ്യ പ്ലേ ബട്ടണായ സില്‍വര്‍ ജിജോ ജോസഫ് സ്വന്തമാക്കിയിരുന്നു. പിന്നീട് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഓരോരോ ഗോള്‍ഡ് ബട്ടണുകള്‍ വീതം കിട്ടി തുടങ്ങി. ഒടുവില്‍ സ്വപ്‌ന സാക്ഷാത്കാരമെന്ന പോലെ കേരളത്തിലേക്ക് ആദ്യ ഡമയണ്ട് പ്ലേ ബട്ടണ്‍ എത്തിക്കാനും M4 Tech ഉടമയായ ജിജോ ജോസഫിന് കഴിഞ്ഞു.


സില്‍വര്‍ പ്ലേറ്റഡായ മെറ്റലിന് നടുക്ക് വലിയൊരു ക്രിസ്റ്റല്‍ ഘടിപ്പിച്ചതാണ് ഡമയണ്ട് പ്ലേ ബട്ടണ്‍. ലോകത്തിതുവരെ ആയിരത്തില്‍ താഴെ ചാനലുകള്‍ക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുകൂടാതെ മറ്റ് രണ്ട് പ്ലേ ബട്ടണുകള്‍ കൂടി യൂട്യൂബ് അംഗീകാരമായി നല്‍കുന്നുണ്ട്. 50 ദശലക്ഷം അഥവാ 5 കോടി സബ്‌സ്‌ക്രൈബേഴ്‌സായാല്‍ കസ്റ്റം ക്രിയേറ്റര്‍ അവാര്‍ഡും 100 ദശലക്ഷം അഥവാ 10 കോടി സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയാല്‍ റെഡ് ഡമയണ്ട് ക്രിയേറ്റര്‍ അവാര്‍ഡും യൂട്യൂബ് നല്‍കുന്നതാണ്. ഇതില്‍ ആദ്യത്തേത് ലോകത്താകെ 17 ചാനലുകള്‍ക്കും രണ്ടാമത്തേത് 7 ചാനലുകള്‍ക്കും മാത്രമാണ് ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടുള്ളത്.

Post a Comment

Previous Post Next Post