പുൽപ്പള്ളിയിലെ വായ്പാത്തട്ടിപ്പ്; കർഷകന്റെ ആത്മഹത്യക്ക് പിന്നാലെ KPCC ജനറൽ സെക്രട്ടറി പൊലീസ് കസ്റ്റഡിയിൽ



പുൽപ്പള്ളി: പുൽപള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പത്തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യചെയ്തതിന് പിന്നാലെ ബാങ്കിന്റെ മുൻ പ്രസിഡന്റായ കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തു. കെപിസിസി ജനറൽ സെക്രട്ടറിയായ കെ.കെ.അബ്രഹാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി ഇന്നലെ അർധരാത്രിയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുൽപ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തിൽ പ്രസിഡന്റായിരുന്നു അബ്രഹാം. നിലവിൽ കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയാണ് ഇയാൾ.


തട്ടിപ്പിനിരയായ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രൻ (60) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരിൽ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. അതേസമയം, ബാങ്കിൽ നടന്ന വായ്പത്തട്ടിപ്പിനിരയാണ് രാജേന്ദ്രനെന്ന് ബന്ധുക്കൾ പറഞ്ഞു. സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാൽ, ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ.അബ്രഹാമിന്റെ നേതൃത്വത്തിൽ രാജേന്ദ്രന്റെ പേരിൽ വൻതുക കൈപ്പറ്റുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തുക തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽനിന്ന് രാജേന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. രാജേന്ദ്രന്റെ ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് ചൊവ്വാഴ്ച അർദ്ധരാത്രിയോടെ അബ്രഹാമിനെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്.

Post a Comment

Previous Post Next Post