തളിപ്പറമ്പ്: വെള്ളിക്കുളങ്ങര സ്വദേശിയെ കണ്ണൂർ തളിപ്പറന്പിലെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. തൃശൂർ വെള്ളിക്കുളങ്ങര മാവിൻചുവട് കള്ളിയത്തുപറന്പിൽ ലോനയുടെ മകൻ ബിജു(47) വിനെയാണ് തിങ്കളാഴ്ച രാത്രി കണ്ണപ്പിലാവ് കോൾതുരുത്തി പാലത്തിനു സമീപത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കൊല്ലം സ്വദേശികളായ പള്ളിത്തോട്ടത്ത് ഡീസന്റ് മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നവാസ്(42), മയ്യനാട് ധവളക്കുഴി സ്വദേശി സുനിൽകുമാർ എന്നിവരെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
കെഎസ്ഇബി മയ്യിൽ സെക്ഷൻ ഓഫീസിലെ കരാർ ജീവനക്കാരനായിരുന്നു ബിജു. പ്രതികൾ രണ്ടുപേരും കൊല്ലപ്പെട്ട ബിജുവിന്റെ കൂടെ കണ്ണപ്പിലാവിലെ വാടക വീട്ടിലാണു താമസം. രാത്രി 10.30 ഓടെ നിലത്തുവീണനിലയിൽ ബിജുവിനെ കണ്ടെത്തിയ കൂടെ താമസിക്കുന്ന ഒരാളാണ് തളിപ്പറമ്പ് പോലീസിനെ വിവരമറിയിച്ചത്. ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണു തലയ്ക്കേറ്റ ക്ഷതമാണു മരണകാരണമെന്നു മനസിലായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കുറിച്ചു സൂചന ലഭിച്ചത്. തളിപ്പറമ്പ് സിഐ എ.വി. ദിനേശിന്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു സുനികുമാർ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ബിജുവിന്റെ തലയ്ക്ക് അടിച്ചതെന്ന് വെളിപ്പെടുത്തിയത്.
മൃതദേഹം ഇന്നലെ രാത്രി വെള്ളിക്കുളങ്ങരയിലെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. അമ്മ: എല്യകുട്ടി. ഭാര്യ: ബിന്ദു. മക്കൾ: ജ്യൂവൽ മരിയ, ജുവാൻ.
Post a Comment