കൊച്ചിയില്‍ സിഐക്ക് നേരെ ആക്രമണം നടത്തിയവരില്‍ സോഷ്യല്‍ മീഡിയ താരവും അഭിനേതാവുമായ സനൂപും

 


കൊച്ചി: കൊച്ചിയില്‍ സിഐക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയത് സിനിമാ പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയ താരവും അഭിനേതാവുമായ തൃശൂര്‍ സ്വദേശി സനൂപ്, എഡിറ്റര്‍ പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് ആക്രമണത്തിന് പിന്നില്‍.

ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് സിഐക്ക് സംഭവത്തില്‍ പരുക്കേറ്റു.


ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെ എറണാകുളം കലൂര്‍ ദേശാഭിമാനി റോഡിലാണ് സംഭവം. ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു പ്രതികള്‍ ഉള്‍പ്പടെ ഉള്ള സംഘം. ഇവര്‍ മറ്റ് വാഹന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്യുകയായിരുന്നു പോലിസ്. സംഘത്തില്‍ ഒരു ഇരുചക്രവാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതും പോലിസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് തൃശൂര്‍ സ്വദേശി സനൂപും പാലക്കാട് സ്വദേശി രാഹുല്‍ രാജും പോലീസിന് നേരെ തട്ടിക്കയറി. കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്ന് പോലിസ് പറയുന്നു. തുടര്‍ന്ന് പോലിസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ ഓടി രക്ഷപെട്ടെന്ന് പോലീസ് പറയുന്നു. സനൂപ് സിനിമ അഭിനേതാവും ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ഫോളോ വേഴ്‌സ് ഉള്ള ആളുമാണ്. രാഹുല്‍ രാജ് എഡിറ്റിങ് ഉള്‍പ്പടെ ഉള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. കൃത്യനിര്‍വഹണം തടസ്സംപെടുത്തല്‍, ഭീഷണി, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പ് പ്രകാരമാണ് പോലിസ് കേസെടുത്തത്. അതേസമയം പിടിയിലായവരെ നോര്‍ത്ത് സിഐ മുഖത്തടിച്ചെന്നും മര്‍ദിച്ചെന്നും പരാതി ഉണ്ട്.



Post a Comment

Previous Post Next Post