ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ. മെഡലുകൾ ഗംഗയിലെറിയുമെന്ന് താരങ്ങൾ സംയുക്ത പ്രസ്താവനയിറക്കി. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിലേക്ക് എറിയുമെന്ന് താരങ്ങൾ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവരുടെ പ്രസ്താവന.
രാജ്യത്തിനായി പൊരുതി നേടിയതാണ് മെഡലുകളെന്ന് താരങ്ങൾ പറഞ്ഞു. അത് പവിത്രമാണ്. മെഡലുകൾ ഗംഗയിൽ കളഞ്ഞതിന് ശേഷം ജീവിച്ചിട്ട് കാര്യമില്ല. തുടർന്ന് ഇന്ത്യാ ഗേറ്റിൽ മരണം വരെ നിരാഹാരം ഇരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
തങ്ങളെ പെൺമക്കൾ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം തങ്ങളോട് കരുതൽ കാണിച്ചില്ലെന്ന് താരങ്ങൾ ആരോപിച്ചു. അതേസമയം പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് അദ്ദേഹം ബ്രിജ് ഭൂഷൺ സിങിനെ ക്ഷണിച്ചതായും താരങ്ങൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളെന്നപോലെയാണ് പോലീസ് പെരുമാറിയത്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും താരങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോൾ ഇവിടേക്ക് പ്രതിഷേധവുമായി എത്തിയ ഗുസ്തി താരങ്ങളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ അടക്കം 12 ഗുസ്തി താരങ്ങൾക്കെതിരെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ,സ്വമേധയാ മുറിവേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിരുന്നു. താരങ്ങളെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ജന്തർമന്തറിലെ സമരപ്പന്തൽ പോലീസ് പൊളിച്ചുമാറ്റിയിരുന്നു.
Post a Comment