കൊച്ചി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നടന്ന ആക്രമണസംഭവങ്ങളില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട കോടതി അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് നിരീക്ഷിച്ചു.
സംസ്ഥാനവ്യാപകമായി രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ വലിയ അനിഷ്ടസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. 30 ഓളം കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഡ്രൈവർമാർക്ക് പരിക്കേറ്റു.
ചരക്ക് ലോറികൾക്കും കടകൾക്കും നേരെ ആക്രമണമുണ്ടായി. കാറുകളും ട്രാവലറുകളും സമരക്കാർ അടിച്ചു തകർത്തു. ഈരാറ്റുപേട്ടയിൽ സമരക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിൽ 15 പേരടങ്ങുന്ന സംഘം കടയിൽ ആക്രമണം നടത്തി. കണ്ണൂരില്‍ ഉളിയില്‍ നരയന്‍പാറയിൽ പെട്രോൾ ബോംബെറിഞ്ഞു. പുലര്‍ച്ചെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.
കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിപ്പിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.
യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.
പോലീസിന്റെ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പോലീസ് തിരിച്ചറിഞ്ഞു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്കു മാറ്റി.
ഇത്തരത്തിൽ നിരവധി ആക്രമണസംഭവങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.
Post a Comment