ആഫ്രിക്കന്‍ പന്നിപ്പനി: കണ്ണൂര്‍ ജില്ലയില്‍ രണ്ട് ഫാമുകളിലെ 273 പന്നികളെ ഉന്‍മൂലനം ചെയ്യും



കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം പ്രദേശത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍, പ്രഭവ കേന്ദ്രമായ ഒരു ഫാമിലെയും ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും ആകെ 273 പന്നികളെ ഉന്‍മൂലനം ചെയ്ത് മറവ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു.


ചൊവ്വാഴ്ച രാവിലെ ഇതിനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കും.

തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ചെയര്‍പേഴ്‌സനായും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അജിത ഒഎം നോഡല്‍ ഓഫീസറായും റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണ വകുപ്പിലെ രണ്ട് സംഘങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കും. എല്ലാ വകുപ്പുകളും ഇതിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്‌റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി.

ആഗസ്റ്റ് ഒന്ന് മുതല്‍ 30 ദിവസത്തേക്ക് പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങള്‍, പന്നി വളം എന്നിവ കേരളത്തിലേക്കോ കേരളത്തില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയും സംസ്ഥാനത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചും ഉത്തരവുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍പോലീസും ആര്‍ടിഒയും നിരീക്ഷണം ഏര്‍പ്പെടുത്തും.

Post a Comment

Previous Post Next Post