കണ്ണൂര്‍ മുഴപ്പിലങ്ങാട് ഡ്രൈവ് - ഇന്‍- ബീച്ച്‌ ഇനി ലോകോത്തര നിലവാരത്തിലേക്ക്

 


കണ്ണൂര്‍ : ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ലോകോത്തര നിലവാരത്തിലേക്ക് ഉയരാന്‍ ചുവട് വെക്കുന്നു.ഇതിനായുള്ള സമഗ്ര വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

മുഴപ്പിലങ്ങാട് ബീച്ച്‌, ധര്‍മ്മടം ബീച്ച്‌, ധര്‍മ്മടം തുരുത്ത് എന്നിവിടങ്ങളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുക. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്ക് ഭാഗത്ത് നടപ്പാത, കുട്ടികള്‍ക്കുള്ള കളിസ്ഥലം, പാര്‍ക്കിങ്, കിയോസ്കുകള്‍, ലാന്‍ഡ്സ്കോപ്പിങ് എന്നിവ ഒരുക്കും.

സുരക്ഷിതമായ ബീച്ച്‌ സൃഷ്ടിക്കുന്നതിനായി ഡ്രൈവ് ഇന്‍ പ്രവര്‍ത്തനങ്ങള്‍ ബീച്ചിന്റെ വടക്കുഭാഗത്തേക്ക് മാത്രമായി പരിമിതപ്പെടുത്തും. തെക്ക് ഭാഗത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വാട്ടര്‍ സ്പോര്‍ട്സ് ഒരുക്കും. ധര്‍മടം തുരുത്തില്‍ പ്രകൃതി കേന്ദ്രം പണിത് നാച്വറല്‍ ഹബ്ബാക്കി മാറ്റും. ബീച്ച്‌ ടൂറിസം പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടക്കുക.

ഏതാണ്ട് 233.71 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. ഒന്നാംഘട്ടത്തില്‍ 79.51 കോടിയുടെ പ്രവൃത്തിക്കാണ് തുടക്കമിട്ടത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനാണ് നിര്‍മാണചുമതല. കേരളത്തില്‍ വാഹനങ്ങള്‍ ഓടിക്കാവുന്ന ഏക ബീച്ചാണ് മുഴപ്പിലങ്ങാട്ടേത്. നാല് കിലോമീറ്റര്‍ ദൈര്‍ഘ്യം വരെ മുഴപ്പിലങ്ങാട് കടല്‍ത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച്‌ യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

കേരളത്തിന്‍്റെ ടൂറിസം മേഖലയ്ക്ക് മുഴപ്പിലങ്ങാട്- ധര്‍മ്മടം ബീച്ച്‌ സമഗ്ര വികസന പദ്ധതി മുതല്‍ക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ പറഞ്ഞു. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി 50 കോടി രൂപ നീക്കിവച്ചതായും അദ്ദേഹം അറിയിച്ചു. ആയിരം കോടി രൂപയുടെ വായ്പയാണ് ടൂറിസം വികസനത്തിനായി എടുക്കുന്നത്.


സംരംഭകര്‍ക്ക് പലിശയിളവ് നല്‍കാന്‍ 20 കോടി രൂപ മാറ്റിവച്ചു. ഈ വര്‍ഷം 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി 25 ടൂറിസം ഹബ്ബുകള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം -പൊതുമരാമത്ത്- യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി സന്ദേശം നല്‍കി. മലബാര്‍ ടൂറിസത്തിന്റെ വികസനം കേരള ടൂറിസത്തിന് മുതല്‍ക്കൂട്ടാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.


തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി സജിത, എന്‍ കെ രവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി ബിജു, കോങ്കി രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ടൂറിസം വകുപ്പ് ഡയരക്ടര്‍ പി ബി നൂഹ്, കെ ഐ ഐ ഡി സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ് തിലകന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post