മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പണ്ഡിറ്റ് സുഖ് റാം അന്തരിച്ചു


ഷിംല: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പണ്ഡിറ്റ് സുഖ് റാം (94) അന്തരിച്ചു. മേയ് ഏഴ് മുതല്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.
ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് നേതാവും സുഖ് റാമിന്റെ ചെറുമകനുമായ ആശ്രയ് ശര്‍മ്മ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. മുത്തച്ഛനു‌മൊത്തുള്ള ബാല്യകാല ചിത്രവും ശര്‍മ്മ പങ്കുവച്ചിട്ടുണ്ട്.

മേയ് നാലിന് മണാലിയില്‍ വച്ച്‌ മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് സുഖ് റാമിനെ മാണ്ഡിയിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇവിടെ നിന്ന് വ്യോമമാര്‍ഗം ഡല്‍ഹിയിലെ എയിംസിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകുകയായിരുന്നു. മേയ് ഏഴിന്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ഇടപെട്ടാണ് സുഖ് റാമിനെ ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായുള്ള ഹെലികോപ്റ്റര്‍ എത്തിച്ചത്.
1993 മുതല്‍ 1996 വരെ സ്വതന്ത്ര ചുമതലയുള്ള ആഭ്യന്തര സഹമന്ത്രിയായിരുന്നു സുഖ് റാം. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. അഞ്ച് തവണ നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്ന് തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു.
1984 ല്‍ രാജീവ്ഗാന്ധി സര്‍ക്കാരില്‍ മന്ത്രിയായി സുഖ് റാം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963 മുതല്‍ 1984 വരെ മാണ്ഡിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഹിമാചലില്‍ മൃഗക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ ജര്‍മ്മനിയില്‍ നിന്ന് പശുക്കളെ കൊണ്ടുവന്ന അദ്ദേഹത്തിന്റെ തീരുമാനം സംസ്ഥാന കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചുപറ്റിയ സംഭവമായിരുന്നു ഇത്.

Post a Comment

Previous Post Next Post