ചട്ടം അനുവദിക്കുന്നില്ല; ഉക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: ഉക്രൈനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പഠനം അനുവദിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി തടഞ്ഞുകൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണ്. ഉക്രൈനില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ സ്‌ക്രീനിങ് ടെസ്റ്റ് എഴുതാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു.
ദേശീയ മെ!ഡിക്കല്‍ കമ്മിഷന്റെ ചട്ടപ്രകാരം വിദേശത്തുനിന്നു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് 12 മാസം പ്രാക്ടീസോ ഇന്റേണ്‍ഷിപ്പോ ചെയ്തിരിക്കണം. അതിനു ശേഷം ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേഷന്‍ പരീക്ഷ എഴുതിയാണ് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവാദം നല്‍കുക. അല്ലാതെ കോഴ്‌സ് പകുതിക്കുവച്ചു മുടങ്ങിയവര്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനായി ചട്ടം അനുവദിക്കുന്നില്ല.
ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ 412 വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച്‌ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രണ്ടും മൂന്നും വര്‍ഷങ്ങളില്‍ പഠിക്കുന്ന 172 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതിനെതിരേയാണ് മെഡിക്കല്‍ കമ്മീഷന്‍ രംഗത്തുവന്നത്.

Post a Comment

Previous Post Next Post