മുക്കത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് അപകടം; ബീമുകള്‍ ഇളകി പുഴയില്‍ വീണു; 2 തൊഴിലാളികള്‍ക്ക് പരിക്ക്


മുക്കം:മുക്കത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് അപകടം. നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പെട്ടിരുന്ന രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ ബീമുകളാണ് തകര്‍ന്നത്.
രാവിലെ 9 മണിയോടെയാണ് സംഭവം. പുഴയില്‍ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിര്‍മിച്ച തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. നിര്‍മാണത്തിലിരുന്ന പാലത്തിന്റെ മൂന്ന് ബിമുകളാണ് തകര്‍ന്നത്. രണ്ട് വര്‍ഷം മുമ്ബ് ആരംഭിച്ച ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്.

കഴിഞ്ഞദിവസം പ്രദേശത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്നുപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തെക്കുറിച്ച്‌ പരിശോധനകള്‍ തുടരുകയാണ്. നാലുദിവസം മുമ്ബാണ് തകര്‍ന്നതിന്റെ മറുഭാഗത്ത് ബീമുകള്‍ സ്ഥാപിച്ചത്.
2019 മാര്‍ചില്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച പാലത്തിന്റെ നിര്‍മാണം പ്രളയകാലത്ത് പൂര്‍ണമായും സ്തംഭിച്ചിരുന്നു. പ്രളയനിരപ്പിനനുസരിച്ച്‌ പാലത്തിന് ഉയരമില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് നിര്‍മാണം നിലച്ചത്. പിന്നീട് ഡിസൈനിംഗ് വിഭാഗം പരിശോധനകള്‍ നടത്തുകയും പാലത്തിന്റെ ഉയരത്തിലും ഡിസൈനിലും മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റും പുതുക്കി. നേരത്തെ 21.5 കോടി രൂപയായിരുന്ന നിര്‍മാണ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയായി ഉയര്‍ത്തുകയായിരുന്നു.

Post a Comment

Previous Post Next Post