സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് പതാക ഉയരുമ്പോള്‍, ചരിത്രപരമായ ഒരു കൂടിച്ചേരലിനാണ് കൊച്ചി നഗരം സാക്ഷിയാകുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന് പുറമേ, കേരള വികസനം ലക്ഷ്യമിട്ടുള്ള നയരേഖയും ചര്‍ച്ച ചെയ്യുന്നു എന്നതാണ് എറണാകുളം സമ്മേളനത്തിന്റെ പ്രത്യേകത. കീഴ്ഘടകങ്ങളില്‍ സമ്മേളനങ്ങളും ചര്‍ച്ചകളും യഥാസമയം പൂര്‍ത്തിയാക്കിയാണ് സംസ്ഥാന സമ്മേളത്തിലേക്ക് പാര്‍ട്ടി കടക്കുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും സംഘടനാപരമായ നടപടികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ(എം) ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.
കൃത്യമായ ഇടവേളയില്‍ സമ്മേളനങ്ങളും, സംഘടനാ തെരഞ്ഞെടുപ്പും ജനാധിപത്യപരമായി സംഘടിപ്പിക്കുന്ന അപൂര്‍വ്വം രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് ഇന്ന് സിപിഐഎം. ബ്രാഞ്ച് തലം മുതല്‍ ആരംഭിച്ച സമ്മേളനങ്ങള്‍, ലോക്കല്‍ ഏരിയ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനാവാത്തതാണ് ഈ സവിശേഷത. ഏത് പ്രതിസന്ധി ഘട്ടത്തില്‍ സംഘടനാ പരമായ നടപടിക്രമങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കൊവിഡ് കാലത്ത് ഈ പാര്‍ട്ടി തെളിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുതന്നെ ജില്ലാ സമ്മേളനങ്ങള്‍ വരെ പൂര്‍ത്തിയാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ ദിവസങ്ങളില്‍ സമ്മേളന ദിവസങ്ങള്‍ വെട്ടിച്ചുരുക്കി മാതൃക കാട്ടി.
ദേശീയ സാര്‍വ്വദേശീയ സാഹചര്യങ്ങളും വിശദമായി തന്നെ സമ്മേളനത്തില്‍ ചര്‍ച്ചയാവും. രാജ്യത്ത് അനുദിനം വളര്‍ന്നു വരുന്ന ഫാസിസ്റ്റ് ഭീഷണിയും ജനങ്ങളെ അണിനിരത്തി അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും സമ്മേളനം പരിശോധിക്കും. അഖിലേന്ത്യാ സമ്മേളനമായ പാര്‍ട്ടി കോണ്‍ഗ്രസിന് ഇക്കുറി ആതിഥേയം വഹിക്കുന്നത് കേരളത്തിലെ കണ്ണൂരാണ്. സംസ്ഥാന സമ്മേളന നടപടി ക്രമങ്ങള്‍ മാര്‍ച്ച് 4 ന് പൂര്‍ത്തിയാകുന്നതോടെ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങളിലേക്ക് നേതൃത്വം കടക്കും.
Post a Comment