മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും രണ്ട് ഗ്രൂപ്പുകളില്‍

മുംബൈ: ഐപിഎല്‍ ഫിക്സച്ചര്‍ പുറത്തുവന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുംമുംബൈ ഇന്ത്യന്‍സും രണ്ട് ഗ്രൂപ്പുകളില്‍.
ഗ്രൂപ്പ് എയിലാണ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ ഗ്രൂപ്പ് ബിയിലും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മുംബൈക്കൊപ്പം ഗ്രൂപ്പ് എയിലാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി കാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ ചെന്നൈക്കൊപ്പം ഗ്രൂപ്പ് ബിയില്‍. റാങ്കിന്റെ അടിസ്ഥാനത്തിലാണ് ടീമുകളെ രണ്ടായി തിരിച്ചത്. നേടിയ കിരീടങ്ങളുടെ എണ്ണം, എത്ര തവണ ഫൈനലിലെത്തി എന്നൊക്കെ പരിശോധിച്ചാണ് ടീമുകളുടെ റാങ്ക് തീരുമാനിച്ചത്.

പ്രാഥമിക റൗണ്ടില്‍ ഒരു ടീം 14 മത്സരങ്ങളാണ് കളിക്കുക. ഗ്രൂപ്പിലുള്ള ടീമുകള്‍ പരസ്പരം രണ്ട് തവണ നേര്‍ക്കുനേര്‍ വരും. മാത്രമല്ല, എതിര്‍ ഗ്രൂപ്പില്‍ ഓരേ റാങ്കിലുള്ള ഒരു ടീമിനോട് രണ്ട് മത്സങ്ങളും ശേഷിക്കുന്ന ടീമുകളോട് ഓരോ മത്സരം വീതവും കളിക്കും. ഉദാഹരണത്തിന് മുംബൈ ഗ്രൂപ്പില്‍ തങ്ങള്‍ക്കൊപ്പമുള്ള കൊല്‍ക്കത്ത, രാജസ്ഥാന്‍, ഡല്‍ഹി, ലഖ്നൗ എന്നിവര്‍ക്കെതിരെ രണ്ട് മത്സരങ്ങള്‍ വീതം കളിക്കും.

ബി ഗ്രൂപ്പില്‍ മുംബൈയുടെ അതേ റാങ്കിലുള്ള ചെന്നൈക്കെതിരെയും രണ്ട് മത്സരം കളിക്കും. ശേഷിക്കുന്ന ടീമുകള്‍ക്കെതിരെ ഓരോ മത്സരം വീതവും കളിക്കും. കൊല്‍ക്കത്തയ്ക്ക്, എതിര്‍ ഗ്രൂപ്പിലുള്ള ഹൈദരാബാദിനെതിരേയാണ് രണ്ട് മത്സരം കളിക്കേണ്ടത്. രാജസ്ഥാന്‍ ബാംഗ്ലൂരിനേതിരേയും ഡല്‍ഹി പഞ്ചാബിനെതിരേയും രണ്ട് മത്സരങ്ങള്‍ കളിക്കും. പുതിയ ടീമുകളായ ലഖ്നൗ, ഗുജാറാത്ത് ടീമുകളും രണ്ട് മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വരും.

ഗ്രൂപ്പ് എ

മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പര്‍ കിംഗ്സ്
സണ്‍റൈസേഴ്സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
കിംഗ്സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്

Post a Comment

Previous Post Next Post