താത്കാലികാശ്വാസം, ഇറാൻ യുദ്ധത്തില്‍ 5 ദിവസം നിയന്ത്രിത വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ ട്രംപ്; ഇറാനുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമെന്നും പ്രതികരണം


പശ്ചിമേഷ്യൻ സംഘർഷത്തില്‍ നിർണ്ണായക വഴിത്തിരിവായി ഇറാനുമായി അഞ്ച് ദിവസത്തെ താല്‍ക്കാലിക വെടിനിർത്തല്‍ പ്രഖ്യാപിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കഴിഞ്ഞ രണ്ട് ദിവസമായി ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചർച്ചകള്‍ അതീവ ഫലപ്രദമായിരുന്നുവെന്നും സമാധാനപരമായ പരിഹാരത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞതായും ട്രംപ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇറാന്റെ പവർ പ്ലാന്റുകള്‍ക്കും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങള്‍ക്കും നേരെയുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ യുദ്ധവിഭാഗത്തിന് (Department of War) ട്രംപ് നിർദ്ദേശം നല്‍കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും വെടിനിർത്തലിന് ശേഷമുള്ള തുടർന്നുള്ള നീക്കങ്ങളെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച ഉടനീളം ഇരുരാജ്യങ്ങളും തമ്മിലുള്ള വിശദമായ ചർച്ചകള്‍ തുടരും. പശ്ചിമേഷ്യയിലെ ശത്രുതയ്ക്ക് പൂർണ്ണവും സമഗ്രവുമായ പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും സമാധാനപരമായ നീക്കങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഈ താല്‍ക്കാലിക നിയന്ത്രണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ പ്രതിസന്ധിയില്‍ വലിയ ആശ്വാസം നല്‍കുന്നതാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.

Post a Comment

Previous Post Next Post