മലയോരത്ത് പശ്‌ചിമഘട്ടത്തിലെ പാരിസ്‌ഥിതിക ലോല മേഖലയില്‍ പുതിയ കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത്.
നടുവില്‍ ഗ്രാമപഞ്ചായത്തില്‍ പാലക്കയം ടൂറിസം കേന്ദ്രത്തിന് സമീപത്തായി പുതിയ കരിങ്കല്‍ ക്വാറി തുടങ്ങുന്നതിന് തിരുവനന്തപുരം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി നടുവില്‍ ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സിനായി അപേക്ഷിച്ചിരിക്കുകയാണ്. പാലക്കയം തട്ടിന്റെ താഴ്‌വരപ്രദേശങ്ങള്‍ ഉള്‍പ്പെട്ട കൈതളം അരങ്ങ് മലമുകളിലാണ് ക്വാറി തുടങ്ങാന്‍ കൊണ്ടുപിടിച്ച നീക്കം നടക്കുന്നത്. നിലവില്‍ പാലക്കയം ടൂറിസം കേന്ദ്രത്തിന്റെ താഴ്വരകളിലും പരിസരങ്ങളുമായി അഞ്ചോളം കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തന്നെ ഏറ്റവും അധികം കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് നടുവില്‍ ഗ്രാമപഞ്ചായത്ത്.
ഇതിനിടയിലാണ് പരിസ്‌ഥിതി ദുര്‍ബല പ്രദേശമായ പാലക്കയം തട്ടിനുസമീപം വീണ്ടും ഒരു ക്വാറി തുടങ്ങാന്‍ ഉന്നത അധികാരസ്‌ഥാപനങ്ങളില്‍ സ്വാധീനമുള്ളവര്‍ ശ്രമിക്കുന്നത്. മലമുകളിലും പരിസരങ്ങളിലുമായി നൂറുകണക്കിന് ഏക്കര്‍ സ്‌ഥലം വാങ്ങിക്കൂട്ടിയതിനുശേഷം ആണ് ഇവിടെ കരിങ്കല്‍ ആരംഭിക്കുന്നതിന് അനുമതിക്കായി ഗ്രാമപഞ്ചായത്തിന് സമീപിച്ചിരിക്കുന്നത്. ജിയോളജി, പരിസ്‌ഥിതി, എക്‌സ്പ്ലോസിവ് എന്നീ വകുപ്പുകളുടെ അനുമതിപത്രങ്ങള്‍ ഇവര്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ഇനി ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ് കിട്ടിയാല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ്. ക്വാറിക്ക് ഗ്രാമപഞ്ചായത്തിന്റെ അനുമതി ലഭിച്ചില്ലെങ്കിലും കോടതിയെ സമീപിച്ച് അനുമതി നേടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിലവില്‍ ഒട്ടേറെ പാരിസ്‌ഥിതിക പ്രത്യാഘാതങ്ങള്‍ നേരിടുന്ന പ്രദേശങ്ങള്‍ കൂടിയാണ് പശ്‌ചിമഘട്ട മലനിരകള്‍ ഉള്‍പ്പെട്ട പാലക്കയം തട്ട് വൈതല്‍മല പ്രദേശം. നിരവധി തവണ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ പ്രദേശമാണിത്. താഴ്വരകളിലും ചുറ്റുവട്ടവും ജനവാസ കേന്ദ്രമാണ്. ആദിവാസികളുടെ ഉന്നതികള്‍, ആരാധനാലയങ്ങള്‍, നിരവധി തോടുകളും നീര്‍ച്ചാലുകളും ഉള്‍പ്പെടെ ജലസ്രോതസ്സുകള്‍ എന്നിവ ഈ മേഖലയിലുണ്ട്. പുതിയ ക്വാറികള്‍ തുടങ്ങിയാല്‍ ഉരുള്‍പൊട്ടലുകള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു .മലനിരകളില്‍ ചെറിയതോതില്‍ സ്‌ഥാടനംനടന്നാല്‍പോലും വന്‍ തോതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. കനകക്കുന്ന് അരങ് നീര്‍മറി പ്രദേശം മണ്ണംകുണ്ട് തോടിന്റെ ഉത്ഭവസ്‌ഥാനമാണ്. പാലക്കയംടൂറിസ്‌റ്റ് കേന്ദ്രത്തിലേക്കുള്ള റോഡുകള്‍, ജലജീവന്‍ ജല മിഷന്‍ ശുദ്ധജല ടാങ്കുകള്‍, അരങ്ങ് കൈതളം ആദിവാസി ഉന്നതികള്‍ എന്നിവ പുതിയ ക്വാറിയുടെ സമീപത്തായുണ്ട്. ചൂരല്‍മല മുണ്ടക്കൈ ദുരന്തങ്ങള്‍ കണ്ണൂരിലെ മലയോരത്തും ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കരുതെന്നും ആവശ്യത്തിലാണ് ഈ പ്രദേശത്തെ ജനങ്ങള്‍. ക്വാറി തുടങ്ങുന്നതിനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ത്തി ജനകീയ സമിതി നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് രംഗത്ത് വന്നിട്ടുണ്ട് .പ്രകൃതിയെയും മലനിരകളെയും തകര്‍ത്തുകൊണ്ട് കരിങ്കല്‍ ഖനനം തുടങ്ങുന്നതിനുള്ള നീക്കത്തെ ശക്‌തമായി ചെറുക്കാനാണ് ജനകീയസമിതി തീരുമാനം.
Post a Comment