ട്രെയിൻ വൈകിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ.
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം.
ഗാന്ധിനഗർ പികൗര ബക്ഷ് സ്വദേശിനിയായ സമൃദ്ധി സിങാണ് അഭിഭാഷകന്‍ മുഖേനേ കേസ് ഫയല്‍ ചെയ്തത്. 2018 മെയ് 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഖ്‌നൗവിലെ ജയ് നാരായണ്‍ പിജി കോളേജില്‍ വെച്ച് നടക്കുന്ന നീറ്റ് പരീക്ഷയില്‍ പങ്കെടുക്കുന്നതിനായാണ് ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 190 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. ഉച്ചയ്ക്ക് 12:30 ആയിരുന്നു പരീക്ഷക്കുള്ള റിപ്പോര്‍ട്ടിങ് സമയം.
എന്നാല്‍ ട്രെയിൻ ചാർബാഗ് സ്റ്റേഷനില്‍ എത്തിയത് നിശ്ചയിച്ച സമയത്തേക്കാളും രണ്ടര മണിക്കൂര്‍ വൈകി. ഇതോടെ വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനുള്ള അവസരവും ആ വര്‍ഷത്തെ കരിയറും തന്നെ നഷ്ടമായി. സംഭവത്തിലെ പ്രതികരണം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രാലയം, സ്റ്റേഷൻ സൂപ്രണ്ട് എന്നിവര്‍ക്ക് നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് അതേവര്‍ഷം സെപ്തംബറില്‍ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുന്നത്. 20 ലക്ഷമാണ് നഷ്ടപരിഹാരമായി പെണ്‍കുട്ടി ആവശ്യപ്പെട്ടത്.ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ട്രെയിന് എത്താന്‍ വൈകിയതായി വാദത്തിനിടെ റെയില്‍വേ സമ്മതിച്ചെങ്കിലും തൃപ്തികരമായ വിശദീകരണം നല്‍കാൻ സാധിച്ചില്ല. പിന്നാലെയാണ് 45 ദിവസത്തിനുള്ളില്‍ 9.10 ലക്ഷം രൂപ റെയില്‍വേ നല്‍കണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്. നിശ്ചിത സമയത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ 12 ശതമാനം പലിശയും നല്‍കേണ്ടി വരും.
Post a Comment