കേരളത്തിലെ വിദ്യാലയങ്ങളെ വർഗീയ പരീക്ഷണശാലകളാക്കി മാറ്റാൻ സർക്കാർ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ചില സ്വകാര്യ സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേർപ്പെടുത്തുകയും പിരിച്ചെടുത്ത പണം തിരികെ നല്‍കുകയും ചെയ്ത നടപടി അതീവ ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ സംസ്കാരവും ജനാധിപത്യ ബോധവും ഉയർത്തിപ്പിടിക്കുന്ന കേരളത്തില്‍ ഇത്തരമൊരു സംഭവം കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഉത്തരേന്ത്യൻ മോഡല്‍ വിഭജന രാഷ്ട്രീയത്തിന് ഇവിടെ സ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാലയങ്ങള്‍ ജാതി-മത ചിന്തകള്‍ക്ക് അതീതമായി കുട്ടികള്‍ ഒന്നിച്ചു വളരേണ്ട ഇടങ്ങളാണെന്നും അവിടെ വേർതിരിവിന്റെ വിഷവിത്തുകള്‍ പാകാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഓണം, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങള്‍ എല്ലാ കുട്ടികളും ഒരുപോലെ ആഘോഷിക്കേണ്ടവയാണ്. ഇത്തരം ഒത്തുചേരലുകളിലൂടെയാണ് കുട്ടികള്‍ പരസ്പര സ്നേഹവും ബഹുമാനവും പഠിക്കുന്നത്. വിദ്യാലയങ്ങളുടെ മതേതര സ്വഭാവം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന സൂചനയും മന്ത്രി നല്‍കി.
ആഘോഷങ്ങള്‍ക്കായി പണം പിരിച്ച ശേഷം അത് റദ്ദാക്കി തുക തിരികെ നല്‍കിയ നടപടി കുട്ടികളുടെ മനസ്സിനെ മുറിപ്പെടുത്തുന്ന ക്രൂരതയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ എയ്ഡഡ്, അണ്‍ എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്. വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി സങ്കുചിതമായ രാഷ്ട്രീയ-വർഗീയ താല്‍പ്പര്യങ്ങള്‍ സ്കൂളുകളില്‍ നടപ്പിലാക്കാൻ ശ്രമിച്ചാല്‍ കർശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. പാഠപുസ്തകങ്ങളിലെ അറിവിനൊപ്പം സഹജീവി സ്‌നേഹവും ബഹുസ്വരതയും പഠിപ്പിക്കേണ്ട ഇടങ്ങളാകണം വിദ്യാലയങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Post a Comment