ചിത്രപ്രിയയുടെ മരണം കൊലപാതകം; തലയില്‍ ആഴത്തില്‍ മുറിവ്, ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കാലടി: എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവില്‍ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്ത് അലൻ അറസ്റ്റിലായി. പെണ്‍കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് അലൻ സമ്മതിച്ചു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തതാണെന്ന് അലൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ നിർണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ചിത്രപ്രിയ മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഞായറാഴ്ച രാത്രി 1. 53 സമയത്തുള്ള ദൃശ്യങ്ങളാണ് ഇത്. മറ്റൊരാള്‍ ബൈക്കില്‍ മുന്നില്‍ പോകുന്നതും വീഡിയോയിലുണ്ട്. കാണാതായി 4 ദിവസത്തിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്ബില്‍ നിന്നും ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് രക്തക്കറയുള്ള കല്ല് പൊലീസ് കണ്ടെത്തിയിരുന്നു. ബെംഗലുരൂവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്.

Post a Comment

Previous Post Next Post