കേരളത്തിലെ കൊടും കുളിരിനു പിന്നില്‍ ഈ പ്രതിഭാസം; ചൂടുള്ള മാസങ്ങളെയും തണുപ്പിക്കും


കൊച്ചി: കൊടുംതണുപ്പാണ് കേരളമൊട്ടുക്ക് അനുഭവപ്പെടുന്നത്. ബസ്സിലും ട്രെയിനിലുമെല്ലാം യാത്ര ചെയ്യുന്നവർക്ക് ഇത് കൂടുതല്‍ അനുഭവപ്പെടുന്നുണ്ടാകാം.
സാധാരണ വൃശ്ചികം-ധനു-മകര മാസങ്ങളില്‍ അനുഭവപ്പെടാറുള്ളതിലധികം തണുപ്പ് ഇത്തവണയുണ്ട്. ഈ തണുപ്പ് ഫെബ്രുവരി മാസം വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. രാത്രികാല താപനില ഹൈദരാബാദിലും ബെംഗളൂരുവിലുമുള്ള താപനിലയുടെ ഒപ്പമെത്തി എന്നത് ശ്രദ്ധേയമാണ്. ഇടുക്കിയിലെ രാത്രികാല താപനില ഇന്ന് 14 ഡിഗ്രി സെല്‍ഷ്യസ് ആണ് പ്രവചിക്കപ്പെടുന്നത്. പകല്‍സമയത്ത് 26C ആണ് ഇന്നത്തെ താപനില. എറണാകുളത്ത് രാത്രിയില്‍ 22C-യും പകല്‍സമയത്ത് 29C-യുമാണ്. തിരുവനന്തപുരത്ത് രാത്രി 23C-യും പകല്‍ 29C-യും പ്രവചിക്കപ്പെടുന്നു. കോഴിക്കോട് രാത്രി 22C ആണ്. പകല്‍ 27C-യും. ഈ നില തുടരുമെന്ന് തന്നെയാണ് അടുത്ത ഒരാഴ്ചത്തെ കാലാവസ്ഥാ പ്രവചനങ്ങളില്‍ പറയുന്നത്.

എന്താണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന ചോദ്യത്തിന് കാലാവസ്ഥാ നിരീക്ഷകരാകെ ചൂണ്ടിക്കാട്ടുന്നത് ലാ നിന പ്രതിഭാസത്തെയാണ്. ഒക്ടോബർ മുതല്‍ ഡിസംബർ വരെ ലാ നിന പ്രതിഭാസം ഇന്ത്യാ ഉപഭൂഖണ്ഡത്തെ തണുപ്പിക്കുമെന്ന് നേരത്തേ തന്നെ പ്രവചിക്കപ്പെട്ടിരുന്നതാണ്. മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ താപനില അസാധാരണമാം വിധം കുറയുന്നതാണ് ഈ കുളിരിന് കാരണം. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്ബാടും ലാ നിനയുടെ ആഘാതം അനുഭവപ്പെടും.

വടക്കേ ഇന്ത്യയില്‍ ലാ നിന പ്രതിഭാസം അതിശൈത്യതരംഗം തന്നെ സൃഷ്ടിക്കുമെന്ന് 2024-ല്‍ മൊഹാലിയിലെ (പഞ്ചാബ്) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചും (ഐഐഎസ്‌ഇആർ) ബ്രസീലിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ചും നടത്തിയ പഠനം പ്രവചിച്ചിരുന്നതാണ്. കേരളത്തില്‍ തുലാവർഷം സജീവമായാല്‍ ഈ തണുപ്പ് അത്രകണ്ട് ബാധിക്കില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇത്തവണ തുലാവർഷം വേണ്ടത്ര സജീവമായില്ല.

ശക്തമായ കാറ്റുമൂലം പടിഞ്ഞാറൻ പസഫിക് സമുദ്രഭാഗത്തേക്ക് ചൂടുവെള്ളം നീങ്ങുകയും കിഴക്കൻ പസഫിക്കില്‍ തണുത്ത വെള്ളം മുകളിലേക്ക് ഉയരുകയും ചെയ്യുന്നതിനാലാണ് മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ താപനില കുറയുന്നത്. ഓസ്ട്രേലിയയിലും ഇന്ത്യയിലുമെല്ലാം കൂടുതല്‍ മഴയും തണുപ്പും, അമേരിക്കയുടെ തെക്കൻ ഭാഗങ്ങളില്‍ വരള്‍ച്ചയും ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു. ഉത്തരേന്ത്യയില്‍ ശക്തമായ ശൈത്യത്തിനും മഞ്ഞുവീഴ്ചയ്ക്കും കാരണം ഈ ലാ നിന പ്രതിഭാസമാണ്. ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്ന തണുപ്പിന്റെ ചെറിയൊരു ഭാഗം മാത്രമേ നാം അനുഭവിക്കുന്നുള്ളു എന്നതാണ് വസ്തുത.

Post a Comment

Previous Post Next Post