മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം പിൻവലിക്കുന്നു, പകരം പുതിയ തൊഴില്‍ നിയമവുമായി മോദി സര്‍ക്കാര്‍


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) റദ്ദാക്കി പകരം വികസിത് ഭാരത്-ഗാരൻ്റി ഫോർ റോസ്‌ഗർ ആൻഡ് ആജീവക മിഷൻ (ഗ്രാമിൻ) (Viksit Bharat-Guarantee for Rozgar and Ajeevika Mission, VB-G RAM G) ബില്‍, 2025 എന്ന പുതിയ ഗ്രാമീണ തൊഴില്‍ നിയമം കൊണ്ടുവരാനുള്ള കരട് ബില്‍ ലോക്സഭാ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത് കേന്ദ്രം.

പ്രതിരോധശേഷിയുള്ള ഗ്രാമീണ ഭാരതം കെട്ടിപ്പടുക്കുന്നതിനായി 'ശാക്തീകരണം, സംയോജനം, പരിപൂർണത' എന്നിവ പ്രോത്സാഹിപ്പിക്കാനാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പുതിയ ബില്ലിലെ പ്രധാന നിർദ്ദേശങ്ങള്‍
1. ഉറപ്പായ പ്രവൃത്തി ദിനങ്ങളുടെ വർദ്ധന: നിലവിലെ MGNREGA പ്രകാരം ഫലത്തില്‍ 100 ദിവസമായി നിജപ്പെടുത്തിയിട്ടുള്ള തൊഴില്‍ ഉറപ്പ്, പുതിയ ബില്‍ പ്രകാരം ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഒരു സാമ്ബത്തിക വർഷത്തില്‍ 125 ദിവസത്തെ വേതന തൊഴിലായി വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്നു.
2. കേന്ദ്ര-സംസ്ഥാന വിഹിതം: നിലവില്‍ അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം പൂർണമായും കേന്ദ്രം വഹിക്കുന്നതില്‍ നിന്ന് മാറി, VB-G RAM G ബില്‍ പ്രകാരം വേതന പേയ്‌മെൻ്റുകള്‍ക്കായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഫണ്ട് പങ്കാളിത്തം കൊണ്ടുവരുന്നു. വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങള്‍ക്കും ചില കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും (ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീർ) ഇത് 90:10 എന്ന അനുപാതത്തിലും മറ്റ് സംസ്ഥാനങ്ങളിലും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും 60:40 എന്ന അനുപാതത്തിലുമായിരിക്കും.
3. ലേബർ ബഡ്ജറ്റിന് പകരം 'നോർമേറ്റീവ് അലോക്കേഷൻ': നിലവിലെ ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള 'ലേബർ ബഡ്ജറ്റിന്' പകരം, കേന്ദ്രം വസ്തുനിഷ്ഠമായ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സംസ്ഥാനാടിസ്ഥാനത്തില്‍ 'നോർമേറ്റീവ് അലോക്കേഷൻ' (ചെലവ് വിഹിതം) തീരുമാനിക്കും. ഈ വിഹിതത്തിന് അപ്പുറമുള്ള അധിക ചെലവുകള്‍ സംസ്ഥാന സർക്കാർ തന്നെ വഹിക്കണം.4. 60 ദിവസത്തെ 'കൃഷി ഇടവേള': ആദ്യമായി, പ്രധാന കാർഷിക സീസണുകളില്‍ (വിത്ത് വിതയ്ക്കലും വിളവെടുപ്പും) കാർഷിക തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി 60 ദിവസം തൊഴില്‍ ഉറപ്പ് പദ്ധതി താല്‍ക്കാലികമായി നിർത്തിവയ്ക്കാനും ബില്‍ നിർദ്ദേശിക്കുന്നു. കാർഷിക-കാലാവസ്ഥാ മേഖലകള്‍ അനുസരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് ഈ 60 ദിവസത്തെ കാലയളവ് മുൻകൂട്ടി അറിയിക്കാം.
5. വേതന വിതരണം: വേതനം പ്രതിവാര അടിസ്ഥാനത്തിലോ, അല്ലെങ്കില്‍ ജോലി ചെയ്ത് പരമാവധി രണ്ടാഴ്ചയ്ക്കുള്ളിലോ നല്‍കണമെന്ന് ബില്‍ വിഭാവനം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകിയ പേയ്‌മെൻ്റുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥകള്‍ നിലനിർത്തുന്നുണ്ട്.

Post a Comment

Previous Post Next Post