തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില വർധനവിന്റെ പശ്ചാത്തലത്തില്‍, ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
നാളെയും മറ്റന്നാളും നടക്കുന്ന ബോർഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. നിലവില്‍ ദേവസ്വം ബോർഡ് ഒരു തേങ്ങ 40 രൂപയ്ക്ക് ആണ് വാങ്ങുന്നത്. പ്രസാദത്തിനും നിവേദ്യത്തിനും ആണ് തേങ്ങ കൂടുതലായും ഉപയോഗിക്കുന്നത്. ഉണ്ണിയപ്പം ഉള്‍പ്പെടെ ഉള്ള നിവേദ്യങ്ങളില്‍ വെളിച്ചെണ്ണയും വ്യാപകമായി ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് ദേവസ്വം ബോർഡ് അടുത്തകാലത്ത് ആയിരുന്നു അവസാനമായി വർദ്ധിപ്പിച്ചത്. 9 വർഷത്തിന് ശേഷമായിരുന്നു ഈ നടപടി.നിലവിലെ സാഹചര്യത്തില്‍ ചെറിയ ക്ഷേത്രങ്ങള്‍ക്ക് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്. എങ്കിലും ഇക്കാരണം കൊണ്ട് ഭക്തർക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കില്ല എന്ന് ദേവസ്വം ബോർഡ് അംഗം എ അജികുമാർ പറഞ്ഞു. പ്രസാദത്തിന്റെയും നിവേദ്യത്തിന്റെയും നിരക്ക് ആയിരിക്കും വർദ്ധിപ്പിക്കുന്നത്.
ക്ഷേത്രങ്ങളിലെ അർച്ചനയുടെ നിരക്ക് വർദ്ധിപ്പിക്കില്ല. ചെറിയ ക്ഷേത്രങ്ങളില്‍ എത്തുന്നവർ സാധാരണയായി നേരിട്ട് തേങ്ങ കൊണ്ടുവരാറുണ്ട്. കഴിഞ്ഞ സീസണില്‍ ശബരിമലയില്‍ ഭക്തർ സമർപ്പിക്കുന്ന തേങ്ങ 7.5 കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു. എല്ലാ വർഷവും തുക 50 ശതമാനം വർദ്ധിപ്പിച്ചാണ് അടിസ്ഥാന തുക നിശ്ചയിക്കുന്നത്. ഈ വർഷം വില വർദ്ധനവിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന തുകയും വർദ്ധിക്കും.
Post a Comment