കാസർകോട്: പൊയിനാച്ചിയിലെ പറമ്ബയിലെ ലക്ഷ്മി നിവാസില്‍ ഗീതയുടെ നാലരപവൻ തൂക്കമുള്ള താലിമാല ബസ് യാത്രക്കിടെ കഴിഞ്ഞ നാലാംതീയതിയാണ് നഷ്ടപ്പെട്ടത്.27 വർഷം മുമ്ബ് റവന്യു ഉദ്യോഗസ്ഥനായ ഭർത്താവ് ദാമോദരൻ അണിയിച്ച മാല നഷ്ടപ്പെട്ടതിന് ശേഷം നേരെ ഉറങ്ങിയിട്ടില്ല. സംഭവം നടന്ന് കൃത്യം ഒൻപതാം ദിവസം വീടിന്റെ സിറ്റൗട്ടില്‍ ഒരു കത്തിനൊപ്പം വച്ച നിലയില്‍ മാല കണ്ടെത്തി. കത്ത് വായിച്ചുനോക്കിയപ്പോള്‍ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. ഇത്രയും ദിവസം താലിമാല കൈയില്‍ വച്ചതിന് മാപ്പ് അപേക്ഷയായിരുന്നു അജ്ഞാതനായ മോഷ്ടാവിന്റെ കത്തില്‍.
രാവിലെ പത്തരയോടെ വീട്ടുകാർ ഉള്ളിലായിരിക്കുമ്ബോഴാണ് താലിമാലയും കത്തും വീടിന്റെ വരാന്തയില്‍ കൊണ്ടുവച്ച് അജ്ഞാതൻ പോയത്. 'ഈ മാല എന്റെ കൈയില്‍ കിട്ടിയിട്ട് ഇന്നേക്ക് ഒമ്ബത് ദിവസമായി.ആദ്യം സന്തോഷിച്ചു,കൈയില്‍ എടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീലിംഗ്സ്, ഒരു വിറയല്‍ എന്ത് ചെയ്യണമെന്ന് കുറെ ചിന്തിച്ചു. കെട്ടുതാലിയാണ്. ആരാന്റെ മുതലാണ് വേണ്ട, അങ്ങനെ അഡ്രസ് കണ്ടുപിടിച്ചു.എന്നെ പരിചയപ്പെടുത്തുന്നതില്‍ താല്പര്യമില്ല, ഇത്രയും ദിവസം താലിമാല കൈയില്‍ വെച്ചതിന് മാപ്പ്, വേദനിപ്പിച്ചതിനും മാപ്പ്,..' എന്നായിരുന്നു കത്തില്‍.
ഈ സംഭവത്തിന് തൊട്ടുമുമ്ബ് വീടിന്റെ മുൻപില്‍ ബൈക്ക് വന്ന് നില്‍ക്കുന്നത് പോലെ തോന്നിയിരുന്നതായി വീട്ടമ്മ പറഞ്ഞു. ബൈക്കില്‍ എത്തി മിന്നല്‍ വേഗത്തില്‍ മാല വരാന്തയില്‍ വച്ച് പോയതായിരിക്കുമെന്ന് ഗീത പറയുന്നു. മാല നഷ്ടപ്പെട്ടതിനെ തുടർന്ന് ഭർത്താവുമൊത്ത് മേല്‍പറമ്ബ് പൊലീസ് സ്റ്റേഷനില്‍ എത്തി ഗീത പരാതി നല്‍കിയിരുന്നു. തിരിച്ചു കിട്ടിയ മാലയും കുറിപ്പും പൊലീസ് പരിശോധനയ്ക്ക് ശേഷം തിരികെ നല്‍കിയെന്നും ഗീത പറഞ്ഞു.
Post a Comment