23കാരിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തും


കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നു വയസുകാരി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തും.ഇവർ ഒളിവില്‍ ആണ്. കേസില്‍ ഇവരെയും റമീസിന്റെ സുഹൃത്തിനെയും പ്രതി ചേർക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇവർ എവിടെയാണുള്ളതെന്ന ധാരണയുണ്ടെന്നും കസ്റ്റഡിയിലെടുത്താലുടൻ കേസില്‍ പ്രതി ചേർക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെരീഫ എന്നിവരെ കേസില്‍ രണ്ടും മൂന്നും പ്രതികളാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. തന്നെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതില്‍ റമീസിനൊപ്പം മാതാപിതാക്കള്‍ക്കും കൂട്ടുകാർക്കും പങ്കുണ്ടെന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. മതം മാറാൻ സമ്മതിച്ചിട്ടും മാതാപിതാക്കളടക്കം ക്രൂരതയോടെയാണ് തന്നോട് പെരുമാറിയത് എന്നും കത്തിലുണ്ട്. റമീസ് യുവതിയെ വീട്ടിലെത്തിച്ച്‌ മർദിച്ചപ്പോള്‍ മാതാപിതാക്കളും സുഹൃത്തും ഇവിടെയുണ്ടായിരുന്നെങ്കിലും അവർ തടഞ്ഞില്ല എന്ന് യുവതി തന്റെ പെണ്‍സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് റമീസിന്റെ മാതാപിതാക്കളെ കേസില്‍ പ്രതി ചേർക്കുക.
ആത്മഹത്യപ്രേരണാ കുറ്റത്തിനു പുറമെ യുവതി മതം മാറണമെന്ന് റമീസും വീട്ടുകാരും ശഠിച്ചതിനു പിന്നിലുള്ള കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘത്തിന്റെ പരിധിയിലുണ്ട്. വിഷയത്തില്‍ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെയാണ് അന്വേഷണത്തിന്റെ പരിധി അന്വേഷണ സംഘം വിപുലമാക്കിയത്. റമീസിനെ ഇന്ന് കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മതംമാറ്റ ആരോപണം കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ റമീസില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ക്ക് അന്വേഷക സംഘത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. റമീസിന്റെ ഫോണ്‍ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Post a Comment

Previous Post Next Post