തിരുവനന്തപുരം: കുട്ടികളില്‍ വായനാശീലം വളർത്തുന്നതിനായി പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന വിദ്യാർത്ഥികള്‍ക്ക് ഗ്രേസ് മാർക്ക് നല്‍കാനാണ് വകുപ്പിന്റെ തീരുമാനം.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത അധ്യയന വർഷം മുതല്‍ പുതിയ പദ്ധതി നടപ്പാക്കും.
ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് അവരുടെ നിലവാരത്തിനനുസരിച്ചുള്ള വായനാ പ്രവർത്തനങ്ങളും അഞ്ചു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് പത്രവായനയും തുടർപ്രവർത്തനങ്ങളും നല്‍കുന്നതിനായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെക്കും. ഇതിന് ആവശ്യമായ പരിശീലനം അധ്യാപകർക്ക് നല്‍കുമെന്നും പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.കൂടാതെ, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വായനയുമായി ബന്ധപ്പെട്ട ഒരു പുതിയ ഇനം കൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വിദ്യാർത്ഥികളില്‍ വായന ഒരു ശീലമാക്കുന്നതിനും അതുവഴി അവരുടെ അറിവും ഭാഷാപരമായ കഴിവുകളും വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
വിദ്യാർഥികളില്‍ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നല്‍കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി, താഴെ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്:
● അടുത്ത അധ്യയന വർഷം മുതല്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാർക്ക് നല്‍കും.
● ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നല്‍കുന്നതിനായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെക്കും.
● വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്കായി അധ്യാപകർക്ക് പരിശീലനം നല്‍കുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും.
● കലോത്സവത്തില്‍ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉള്‍പ്പെടുത്താൻ ആലോചിക്കുന്നുണ്ട്.
Post a Comment