കുഴഞ്ഞു വീണു, കാഴ്ച നഷ്ടപ്പെട്ടു; കുവൈത്തില്‍ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചത് 10 പേര്‍; മലയാളികളുമുണ്ടെന്ന് സൂചന


കുവൈത്തില്‍ വിവിധയിടങ്ങിലായി വ്യാജ മദ്യംകഴിച്ച്‌ മലയാളികളുള്‍പ്പെടെ നിരവധി പ്രവാസികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പ്രാദേശികമായി നിര്‍മിച്ച മദ്യം ഉപയോഗിച്ച്‌ കഴിഞ്ഞ ഞായറാഴ്ച നിരവധി പേരെ ഫര്‍വാനിയ, അദാന്‍ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്നു. 15ഓളം പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നത്. പലരുടെയും നില ഗുരുതരമായിരുന്നു. ഇതില്‍ പത്തോളം പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് സൂചന. പ്രാഥമിക പരിശോധനയില്‍ തന്നെ മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അല്‍ അഹ്‌മദ് ഗവര്‍ണറേറ്റില്‍ വിവിധയിടങ്ങളിലായാണ് ആളുകള്‍ക്ക് അസ്വസ്ഥതയുണ്ടായത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ മദ്യമാണ് ദുരന്തത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞത്. ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും ചിലരുടെ കിഡ്‌നിക്ക് തകരാറുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Post a Comment

Previous Post Next Post