തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്നു; ഈ ആഴ്ച കാത്തിരുന്ന മൂന്ന് മലയാളം സിനിമകള്‍ ഒടിടി റിലീസിന് എത്തും; തീയതിയും സിനിമകളും ഇങ്ങനെ


പ്രധാനമായും മൂന്ന് മലയാള ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്. പടക്കളം, ആലപ്പുഴ ജിംഖാന, കർണിക എന്നിവയാണ് ഈ ആഴ്ച പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രങ്ങള്‍.
പടക്കളവും ആലപ്പുഴ ജിംഖാനയും തീയേറ്ററില്‍ വലിയ വിജയങ്ങളായിരുന്നു.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. മേയ് എട്ടിനാണ് പടക്കളം തിയറ്ററുകളിലെത്തിയത്. ഫാന്റസി കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് നിര്‍മാണം. ജൂണ്‍ പത്തിന് ചിത്രം ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.ഒ.ടി.ടി റിലീസിന് വേണ്ടി പ്രേക്ഷകർ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴ ജിംഖാന. 2025 ഏപ്രില്‍ 10ന് വിഷു റിലീസായാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഖാലിദ് റഹ്‌മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നസ്ലൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോണ്‍ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. ജൂണ്‍ 13ന് സോണിലിവിലൂടെ ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിക്കും.
പയ്യാവൂർ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരൻ ഒരു ദുരൂഹ ആക്രമണത്തിന് ഇരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രില്ലർ ചിത്രമാണ് കർണിക. പ്രിയങ്ക നായർ, വിയാൻ മംഗലശേരി, ടി. ജി. രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ വെണ്‍പാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മനോരമ മാക്സിലൂടെ കർണിക ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു.

Post a Comment

Previous Post Next Post