തിരുവനന്തപുരം: കേരള തീരത്ത് തീപിടിച്ച ചരക്കുകപ്പലിലുള്ളത് അപകടകരമായ വസ്തുക്കളെന്ന് റിപ്പോർട്ടുകള്‍. കപ്പലിലെ കണ്ടെയ്നറിലുള്ള വസ്തുക്കളുടെ പട്ടിക ഡയറക്ടര്‍ ജനറല്‍ ഷിപ്പിംഗ് പുറത്തുവിട്ടു.157 കണ്ടെയ്‌നറുകളിലെ വസ്തുക്കളുടെ വിവരങ്ങള്‍ അടങ്ങിയ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
തീപിടിക്കുന്ന വസ്തുക്കളും ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന രാസവസ്തുക്കളും കീടനാശിനികളുമാണ് കണ്ടെയ്‌നറുകളില്‍ ഉള്ളത്.
ഇന്‍റർനാഷണല്‍ മാരിടൈം ഓർഗനൈസേഷന്‍റെ മാർഗരേഖ പ്രകാരം ക്ലാസ് 6.1ല്‍ വരുന്ന കീടനാശിനികളടക്കമുള്ള കൊടിയ വിഷവസ്തുക്കള്‍ കണ്ടെയ്നറുകളിലുണ്ട്. 20 കണ്ടെയ്നറുകളില്‍ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയാണ്.ഒരു കണ്ടെയ്നറില്‍ 27,786 കിലോഗ്രാം ഈഥൈല്‍ ക്ലോറോഫോർമേറ്റ് എന്ന മറ്റൊരു കീടനാശിനിയുണ്ട്. ഡൈമീഥൈല്‍ സള്‍ഫേറ്റ്, ഹെക്സാമെഥിലിൻ ഡൈസോ സയനേറ്റ് തുടങ്ങി മാരകമായ കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്നറുകളിലുണ്ട്.
പരിസ്ഥിതിക്കു ഭീഷണിയുയർത്തുന്ന ബെൻസോ ഫെനോണ്‍, ട്രൈക്ലോറോ ബെൻസീൻ, 167 പെട്ടി ലിഥിയം ബാറ്ററികള്‍ എന്നിവയുമുണ്ട്.
കൂടാതെ, 40 കണ്ടെയ്നറുകളില്‍ ക്ലാസ്-3 യില്‍ വരുന്ന തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട്. എഥനോള്‍, പെയിന്‍റ്, ടർപന്‍റൈൻ, പ്രിന്‍റിംഗ് ഇങ്ക്, വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഈഥൈല്‍ മീഥൈല്‍ കീറ്റോണ്‍ എന്നിവയുമുണ്ട്.
19 കണ്ടെയ്നറുകളില്‍ ക്ലാസ് 4.1ല്‍ വരുന്ന തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട്. ഒരു കണ്ടെയ്നറില്‍ ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്, 12 കണ്ടെയ്നറുകളില്‍ നാഫ്തലീൻ, ഒരു കണ്ടെയ്നറില്‍ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കള്‍, നാലു കണ്ടെയ്നറുകളില്‍ പാരാ ഫോർമാല്‍ഡിഹൈഡ് എന്നിവയുണ്ട്.
മറ്റൊരു കണ്ടെയ്നറില്‍, പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടുന്ന ക്ലാസ് 4.2ല്‍ വരുന്ന വസ്തുക്കളുണ്ട്. വായുസമ്ബർക്കമുണ്ടായാല്‍ തീപിടിക്കുന്ന 4,900 കിലോഗ്രാം രാസവസ്തുക്കളാണ് ഇവ.
അതേസമയം, കപ്പലില്‍ നിന്ന് ഇപ്പോഴും തീയും പുകയും പൊട്ടിത്തെറിയും തുടരുകയാണ്. നിയന്ത്രണവിധേയമല്ലെങ്കിലും കപ്പല്‍ ഇതുവരെ മുങ്ങിയിട്ടില്ല. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പല്‍ 15 ഡിഗ്രിവരെ ചെരിഞ്ഞതോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണു.
സാഹചര്യം വിലയിരുത്താൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. സംസ്ഥാന സർക്കാർ, നാവികസേന, കോസ്റ്റ്ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികള്‍, കേരള മാരിടൈം ബോർഡ് പ്രതിനിധികള്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും.
Post a Comment