യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ചുമത്തില്ലെന്ന് ധനമന്ത്രാലയം; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്


ഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രാലയം.ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പവും അനാവശ്യ ഭീതിയും സൃഷ്ടിക്കും. യുപിഐ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സർക്കാർ നയമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മെര്‍ച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റ് പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും നെറ്റ്‌വര്‍ക്ക് ദാതാക്കള്‍ക്കും നല്‍കേണ്ട തുകയാണ് എംഡിആർ.

2020 മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയിലെ യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്നില്ല. ഇതിന് പുറമെ 2,000 രൂപക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് 0.15 ശതമാനം ഇന്‍സെന്‍റീവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. 2024-25 ബജറ്റില്‍ 1,500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചത്.

ഇടപാടുകള്‍ കുത്തനെ ഉയർന്നതിന് പിന്നാലെ, യുപിഐ സംവിധാനം സജ്ജമാക്കുന്നതിനായി വൻ തുക ചെലവഴിക്കേണ്ടി വരുന്നതായി സേവനദാതാക്കള്‍ സർക്കാറിനെ അറിയിച്ചിരുന്നു.

20 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വ്യാപാരികളില്‍നിന്ന് 0.3 ശതമാനം എംഡിആര്‍ ഈടാക്കണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാല്‍, സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ ഫീസ് ഈടാക്കിയാല്‍ മതിയെന്നാണ് സർക്കാർ നിലപാട്. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ 80 ശതമാനവും യുപിഐ മുഖേനയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post