ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിലെ മലയോര യാത്രക്കാരുടെ പ്രതീക്ഷ; ജലരേഖയായി കാക്കാത്തോട് ബസ്‌ സ്റ്റാൻഡ്

തളിപ്പറമ്പ്: ഇന്‍റർലോക്ക് പണി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കാക്കാത്തോട് ബസ്‌ സ്റ്റാൻഡ് മലയോര ബസ്‌ സ്റ്റാൻഡായി മാറിയില്ല.

തളിപ്പറന്പ് നഗരത്തിലെ കീറാമുട്ടിയായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാണ് കാക്കാത്തോടിലെ ബസ്‌ സ്റ്റാൻഡ്.

മൂന്നു പതിറ്റാണ്ടിനും മുന്പ് തളിപ്പറമ്ബ് ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് എ.കെ. പൊതുവാള്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നപ്പോള്‍ വില കൊടുത്ത് വാങ്ങിയ സ്ഥലമായിരുന്നു ഇത്. വർഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇത് കെഎസ്‌ആര്‍ടിസി ബസ്‌സ്റ്റാൻഡാക്കാൻ ശ്രമം നടന്നെങ്കിലും മുന്നോട്ടു പോയില്ല. പിന്നീടാണ് മലയോര ബസ്‌ സ്റ്റാൻഡ് എന്ന പദ്ധതിയിലേക്ക് നഗരസഭ എത്തിയത്.

പണികള്‍ ഏറെക്കുറെ പൂർത്തിയായെങ്കിലും ഇത് തുറന്നു നല്കാൻ നഗരസഭയും ബന്ധപ്പെട്ടവരും തയാറാകുന്നില്ല. നിലവില്‍ തളിപ്പറമ്ബിലെത്തുന്ന നാഷണല്‍ പെർമിറ്റ് ലോറികള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും നിർത്തിയിടാനും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ഇടമായി മാറിയിരിക്കുകയാണ് കാക്കാത്തോട് ബസ്‌ സ്റ്റാൻഡ്.

 *അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല* ❗

2022ല്‍ 98 ലക്ഷം രൂപ വകയിരുത്തിയാണ് 3200 ചതുരശ്ര മീറ്റർ ഇന്‍റർലോക്ക് പ്രവൃത്തി പൂർത്തീകരിച്ചത്. എന്നാല്‍, ഒരു ബസ്‌സ്റ്റാൻഡിന് വേണ്ട അടിസ്ഥാന രീതിയിലുള്ള പ്രവർത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ബസ്‌ സ്റ്റാൻഡ് സ്വകാര്യ പേ പാര്‍ക്കിംഗ് കേന്ദ്രമായി ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇതും നിലച്ചിട്ടാണുള്ളത്.

ഷോപ്പിംഗ് കോംപ്ലക്സ്, പാർക്കിംഗ് യാർഡ്, കാത്തിരിപ്പു കേന്ദ്രം, ശുദ്ധജലം, ശൗചാലയം, വൈദ്യുതി തുടങ്ങിയവ ഒരുക്കേണ്ടതുണ്ട്. നിലവിലുള്ള നഗരസഭാ കൗണ്‍സിലിന്‍റെ കാലാവധിക്ക് മുമ്ബായി മലയോര ബസ്‌ സ്റ്റാൻഡ് യാഥാർഥ്യമാക്കുമെന്ന് വർഷങ്ങള്‍ക്ക് മുന്പേ ഭരണപക്ഷം പറഞ്ഞിട്ടുണ്ടെങ്കിലും ഇനി മാസങ്ങള്‍ മാത്രമേ കാലാവധിക്ക് ബാക്കിയുള്ളു എന്നതും യാഥാർഥ്യമാണ്.

 *പ്രതീക്ഷയർപ്പിച്ച്‌ മലയോര ജനത* 

ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിലെ മലയോര മേഖലകളില്‍ നിന്നുള്ള യാത്രക്കാരാണ് കാക്കാത്തോട് ബസ് സ്റ്റാൻഡിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. സംസ്ഥാനപാതയില്‍ നിന്നും ബസ് സ്റ്റാൻഡില്‍ കയറി ദേശീയപാതയിലക്കിറങ്ങും വിധമാണ് രൂപരേഖ.

ഇവിടെ പദ്ധതികള്‍ പൂർത്തിയാക്കി പ്രവർത്തനക്ഷമമായാല്‍ തിരക്കു കൊണ്ട് ബുദ്ധിമുട്ടുന്ന നിലവിലെ ബസ് സ്റ്റാൻഡില്‍ സൗകര്യങ്ങള്‍ കൂടും. നിലവിലെ സ്റ്റാൻഡില്‍ ബസുകളുടെ ആധിക്യം കാരണവും സ്ഥല സൗകര്യം കുറവായതിനാലും ബസ് ജീവനക്കാരും യാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുയാണ്.


Post a Comment

Previous Post Next Post