തലശ്ശേരി:നവീകരണം നടക്കുന്ന ലോഗൻസ് റോഡിൽ തുറന്നുവച്ച ആൾനൂഴിയിൽ ആൾ വീണുവെന്ന വിവരത്തെത്തുടർന്ന് അഗ്നിരക്ഷാസേന ഒന്നര മണിക്കൂർ പരതി. 4 അടിയിലേറെ വെള്ളം വറ്റിച്ചു നടത്തിയ തിരച്ചിലിൽ മാൻഹോളിൽ ആരും അകപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതോടെ 12.35ന് തിരച്ചിൽ അവസാനിപ്പിച്ചു. 11 മണിയോടെയാണ് പ്ലാസ്റ്റിക് ശേഖരിക്കുന്ന ആൾ ഫയർ സ്റ്റേഷനിലെത്തി തന്റെ സുഹൃത്ത് മാൻഹോളിൽ വീണെന്ന് അറിയിക്കുന്നത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.വി.ദിനേശന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് സ്ഥലത്ത് എത്തി മോട്ടർപമ്പ് ഉപയോഗിച്ചു വെള്ളം വറ്റിച്ചു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്ഥലത്ത് എത്തിയ പൊലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും ഒന്നും കാണാനായില്ല. അതോടെ തിരച്ചിൽ നിർത്തി അഗ്നിരക്ഷാസേനയും പൊലീസും മടങ്ങി.

Post a Comment