ആലക്കോട് : കേരള വാട്ടർ അതോറിറ്റിക്ക് കീഴിലുള്ള ആലക്കോട് ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണം ദിവസങ്ങളായി നിലച്ചത് ആലക്കോടിനെ അതീവ ദുരിതത്തിലാഴ്ത്തുന്നു. കുടിവെള്ള വിതരണത്തിൽ വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് നൽകിയ വാക്ക് പാലിക്കുന്നില്ല എന്നും പരാതി ഉയർന്നിരിക്കുകയാണ്. മാസങ്ങളായി ആലക്കോട് ജലവിതരണം താറുമാരായ നിലയിലാണ്. ഇതേ തുടർന്ന് വ്യാപാരികൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയിരിക്കുന്നു. മന്ത്രി തല ഇടപെടലിനെ തുടർന്ന് പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. പദ്ധതിയുടെ ജലസ്രോതസായ കുഴൽ കിണറിൽ നിന്നുള്ള ജലലഭ്യത കുറഞ്ഞതിനാൽ അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഇതിന്റെ ഭാഗമായി 21, 22 തീയതികളിൽ പമ്പ് ഹൗസ് അടച്ചിടുന്നതിനാൽ പമ്പിങ് തടസ്സപ്പെടുമെന്നും അന്നേദിവസം ജലവിതരണം മുടങ്ങും എന്നും ജല അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ 21 മുതൽ മുടങ്ങിയ ജലവിതരണം ഇതുവരെ പുനരാരംഭിച്ചിട്ടില്ല അഞ്ചുദിവസത്തിലധികമായി ജലവിതരണം നിലച്ചത് ആലക്കോടിനെ ഏറെ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ടൗണിലെയും പരിസരത്തെയും പൈപ്പുകൾ മുഴുവൻ നോക്കുകുത്തികളായി. ഹോട്ടലുകളും ബേക്കറികൾ അടക്കമുള്ള സ്ഥാപനങ്ങളും വെള്ളമില്ലാതെ വന്നതോടെ അടച്ചുപൂട്ടൽ ഭീഷണി നേരിടുക്കുകയാണ്. പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ആലക്കോട് ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. വാക്ക് പാലിക്കാതെ വാട്ടർ അതോറിറ്റി: കുടിവെള്ളമില്ലാതെ ആലക്കോട് നട്ടംതിരിയുന്നു
Alakode News
0
Post a Comment