വയനാട് വന്യമൃഗശല്യം പ്രതിരോധിക്കാൻ എഐ സാങ്കേതികവിദ്യയുമായി വനംവകുപ്പ്. പുല്‍പ്പള്ളി ചെതലത്ത് റെയിഞ്ചില്‍ ഇലക്‌ട്രിക്ക് കവല മുതല്‍ പുതിയിടം വരെ പത്ത് കിലോമീറ്റർ ദൂരത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
ആന, കാട്ടുപോത്ത്, കടുവ, പുലി തുടങ്ങിയ വന്യജീവികള്‍ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്നത് യഥാസമയം അറിയാനും ത്വരിത ഗതിയില്‍ നടപടിയെടുക്കാനും ഇനിമുതല്‍ എഐ സംവിധാനത്തിലൂടെ സാധിക്കും.
വന്യജീവി ആക്രമണം രൂക്ഷമായ പുല്‍പ്പള്ളിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. മണ്ണിനടിയിലൂടെ ഫൈബർ കേബിളുകള്‍ സ്ഥാപിച്ച് പ്രകമ്ബനകള്‍ തിരിച്ചറിഞ്ഞാണ് പ്രവർത്തനം നടപ്പിലാക്കുക. ഇതോടൊപ്പം രണ്ട് കിലോമീറ്റർ ഇടവിട്ട് എഐ ക്യാമറകള്‍ സ്ഥാപിച്ചും നിരീക്ഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. വന്യമൃഗങ്ങള്‍ അടുത്തെത്തുമ്ബോള്‍ അലാറം മുഴക്കുകയും പ്രദേശവാസികള്‍ക്ക് വാട്‌സാപ്പ്, ടെലഗ്രാം വഴി മുന്നറിയിപ്പ് നല്‍കുകാനും പുതിയ സാങ്കേതിക വിദ്യയെ കൊണ്ട് സാധിക്കും. പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലാണ് പദ്ധതിയുടെ കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുന്നത്.
എഐ ബേസ്‌ഡ് പെരിമീറ്റർ ഇൻസ്ട്രൂഷൻ ഡിറ്റക്ഷൻ സർവില്യൻസ് ആൻഡ് ഏർലി വാണിംഗ് സിസ്റ്റമാണ് പുല്‍പ്പള്ളിയില്‍ സ്ഥാപിച്ചത്. പുതിയ സംവിധാനത്തിലൂടെ വന്യമൃഗങ്ങളുടെ കടന്ന് വരവ് ഒരു പരിധി വരെ കുറക്കാനാകുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ഡിവിഷണല്‍ പ്രിൻസിപ്പല്‍ ചീഫ് കണ്‍സർവേറ്റർ പി. പുകഴേന്തി, ഉത്തര മേഖല സിസിഎഫ് കെ.എസ്. ദീപ, സൗത്ത് വയനാട് ഡിഎഫ്‌ഒ അജിത് കെ.രാമൻ, വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
Post a Comment