ആറളം: ആറളം ഫാമില്‍ പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു.
ഒരാള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. ഇതില്‍ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യഗഡുവായി നല്‍കുക. അവസാന ഗഡുവും വൈകാതെ നല്‍കും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആറളം ഫാം സന്ദർശിക്കും. തുടർന്ന് ആറളം ഗ്രാമപഞ്ചായത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ സർവകക്ഷി യോഗം ചേരും. രാവിലെ ഉദ്യോഗസ്ഥതലത്തിലുള്ള യോഗം ജില്ലാ കലക്ടർ വിളിച്ചിട്ടുണ്ട്.
ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്കിലും ഫാമിലും നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള നടപടി ശക്തമാക്കാൻ വനം വകുപ്പിന് ദുരന്ത നിവാരണ സമിതി യോഗം നിർദേശം നല്‍കി.
ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം വേഗത്തില്‍ നടത്താൻ ഡിഎംഒക്ക് നിർദേശം നല്‍കി.
ഓണ്‍ലൈനായി ചേർന്ന യോഗത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാല്‍, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെ എസ് ദീപ, ഐടിഡിപി പ്രൊജക് ഓഫീസർ, പിഡബ്ല്യുഡി, ആറളം ഫാം ഉദ്യോഗസ്ഥർ, ഇരിട്ടി തഹസില്‍ദാർ, മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Post a Comment