കോഴിക്കോട്: സംസ്ഥാനത്ത് ജനനനിരക്ക് ഗണ്യമായി കുറയുന്നതായി കണക്കുകള്‍. ആർ.സി.എച്ച് (റിപ്രൊഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത് -പ്രത്യുല്‍പാദന ശിശു ആരോഗ്യ) പോർട്ടലില്‍ രജിസ്റ്റർ ചെയ്ത കണക്കുകള്‍ പ്രകാരം 2024-25 സാമ്ബത്തിക വർഷം ഏപ്രില്‍-നവംബർ കാലയളവില്‍ 2,13,230 കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചത്.
2023-24 വർഷം ഇതേ കാലയളില്‍ ഇത് 2,51,505ഉം 2022-23 വർഷം 2,82,906 മായിരുന്നു. മുൻവർഷങ്ങളിലെ ഇതേകാലയളവിനെ അപേക്ഷിച്ച് യഥാക്രമം 38,275ഉം 31,401ഉം കുട്ടികള്‍ കുറഞ്ഞു. ആശങ്കപ്പെടുത്തുന്നതാണ് ഈ കുറവെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു. ഇതേ കാലയളവില്‍ 2024-25ല്‍ ആർ.സി.എച്ച് പോർട്ടലില്‍ 2,16,326 ഗർഭിണികളാണ് രജിസ്റ്റർ ചെയ്തത്.
2023-24ല്‍ 2,50,474ഉം 2022-23ല്‍ 2,90,689ഉം പേർ രജിസ്റ്റർ ചെയ്തു. സർക്കാർ വിവിധതരത്തിലുള്ള ബോധവത്കരണ പ്രവർത്തനങ്ങള്‍ തുടരുമ്ബോഴും 11 ശതമാനം കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല. 2024 ഏപ്രില്‍-നവംബർ കാലയളവില്‍ ജനിച്ച 89 ശതമാനം കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. ഈ കാലയളവില്‍ 90 ശതമാനം കുട്ടികള്‍ മീസില്‍സ്-റൂബല്ലാ വാക്സിന്‍റെ ഒന്നാംഘട്ടവും 84 ശതമാനം കുട്ടികള്‍ രണ്ടാം ഘട്ടവും പൂർത്തിയാക്കി.
2024 നവംബർവരെ കേരളത്തില്‍ 511 കുട്ടികള്‍ക്ക് മീസില്‍സ് (അഞ്ചാം പനി) പിടിപെട്ടു. 46 റൂബല്ല കേസുകളും റിപ്പോർട്ട് ചെയ്തതായും നാഷനല്‍ ഹെല്‍ത്ത് മിഷന്‍റെ അവലോകന റിപ്പോർട്ടില്‍ പറയുന്നു. മാതൃമരണ നിരക്ക് 2022-2023ലെ 32ല്‍നിന്ന് 2023-24 വർഷത്തില്‍ 30 ആയി കുറഞ്ഞു. 2020-21ല്‍ ഇത് 51 ആയിരുന്നു. കുഞ്ഞുങ്ങളോടുള്ള പുതുതലമുറയുടെ വിമുഖതയും വിദേശത്തേക്കുള്ള കുടിയേറ്റവുമാണ് ജനനനിരക്ക് കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
30 വയസ്സില്‍ താഴെയുള്ളവരില്‍ വന്ധ്യതക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. ഗർഭഛിദ്രം നടത്തുന്നവർ വർധിച്ചതായും ഡോക്ടർമാർ പറയുന്നു. ഒരുകുട്ടി മതി എന്ന് കരുതുന്നവരാണ് കൂടുതലും. വളർത്തല്‍ ബുദ്ധിമുട്ടാണെന്ന നിലപാടില്‍ കുട്ടികള്‍ വേണ്ടെന്ന് വെക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടുന്നുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
Post a Comment