തൃശൂർ: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രോഗബാധിതനായിരുന്നു.
കാലിക്കട്ട് സർവകലാശാലയിലെ ബോട്ടണി വകുപ്പ് മുൻമേധാവിയാണു കാട്ടുങ്ങല്‍ സുബ്രഹ്മണ്യം മണിലാല്‍ എന്ന കെ.എസ്. മണിലാല്‍. കേരളത്തിലെ സസ്യസന്പത്തിനെക്കുറിച്ചു കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് തയാറാക്കിയ -ഹോർത്തൂസ് മലബാറിക്കൂസ്- എന്ന പ്രാചീന ലാറ്റിൻഗ്രന്ഥം, അന്പതുവർഷത്തെ ഗവേഷണത്തിലൂടെ ഇഗ്ലീഷിലും മലയാളത്തിലും ആദ്യമെത്തിച്ച ഗവേഷകൻ. കോഴിക്കോട്, സൈലന്‍റ് വാലി എന്നിവിടങ്ങളിലെ സസ്യ സന്പത്തിനെക്കുറിച്ചും ദീർഘപഠനങ്ങള്‍ പ്രസിദ്ധീകരിച്ചു.
1999 ല്‍ കാലിക്കട്ട് സർവകലാശാലയില്‍നിന്ന് വിരമിച്ച മണിലാല്‍, അതിന് ശേഷം കോഴിക്കോട് കേന്ദ്രമായി സെന്‍റർ ഫോർ റിസർച്ച് ഇൻ ഇൻഡീജനസ് നോളജ്, സയൻസ് ആൻഡ് കള്‍ച്ചർ എന്ന കൂട്ടായ്മയ്ക്ക് രൂപംനല്‍കി. ആ കൂട്ടായ്മയാണ് സമഗ്ര എന്ന ഗവേഷണ ജേർണല്‍ പ്രസിദ്ധീകരിക്കുന്നത്.
ഹരിതഭൂപടം: കെ.എസ്. മണിലാലും ഹോർത്തൂസ് മലബാറിക്കൂസിന്‍റെ രണ്ടാംപിറവിയും എന്ന പുസ്തകം, ഹോർത്തൂസിനെ സാധാരണക്കാരിലെത്തിക്കാൻ മണിലാല്‍ നടത്തിയ 50 വർഷത്തെ കഥയാണ് പറയുന്നത്. ഭാര്യ: ജ്യോത്സ്ന. മകള്‍: അനിത. മരുമകൻ: കെ.പി. പ്രീതൻ. സംസ്കാരം ഇന്നു വൈകീട്ടു മൂന്നിനു തൃശൂർ വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.
കാട്ടുങ്ങല്‍ എ. സുബ്രഹ്മണ്യത്തിന്‍റെയും കെ.കെ. ദേവകിയുടെയും മകനായി പറവൂർ വടക്കേക്കരയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദപഠനം പൂർത്തിയാക്കിയശേഷം മധ്യപ്രദേശിലെ സാഗർ സർവകലാശാലയില്‍ നിന്ന് 1964 ല്‍ സസ്യശാസ്ത്രത്തില്‍ പിഎച്ച്‌ഡി നേടി. ആ വർഷംതന്നെ കേരള സർവകലാശാലയുടെ കാലിക്കട്ട് സെന്‍ററില്‍ ബോട്ടണി വകുപ്പില്‍ അധ്യാപനായി ചേർന്നു.
കാലിക്കട്ട് സർവകലാശാല നിലവില്‍ വന്നപ്പോള്‍ ബോട്ടണി വകുപ്പിന്‍റെ ഭാഗമായി. 1976 ല്‍ പ്രഫസറും 1986ല്‍ സീനിയർ പ്രഫസറും വകുപ്പു മേധാവിയുമായി. ഹോർത്തുസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒരു ഡസനിലേറെ ഗ്രന്ഥങ്ങള്‍ മണിലാല്‍ രചിച്ചിട്ടുണ്ട്.
ഫ്ളോറ ഓഫ് കാലിക്കറ്റ്'(1982), ഫ്ളോറ ഓഫ് സൈലന്‍റ് വാലി (1988), ബോട്ടണി ആൻഡ് ഹിസ്റ്ററി ഓഫ് ഹോർത്തൂസ് മലബാറിക്കൂസ്(1980), ആൻ ഇന്‍റർപ്രട്ടേഷൻ ഓഫ് വാൻ റീഡ്സ് ഹോർത്തൂസ് മലബാറിക്കൂസ്(1988), ഹോർത്തൂസ് മലബാറിക്കൂസ് ആൻഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.
200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. നാല് സസ്യയിനങ്ങള്‍ അദ്ദേഹത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച്, 2020 ലാണ് രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചത്.
Post a Comment